വത്തിക്കാൻ കർദിനാൾ, സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി
റിയാദ് : തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും വത്തിക്കാനിലെ പോന്റിഫിക്കൽ കൗൺസിൽ ഫോർ ഇന്റർറിലീജ്യസ് ഡയലോഗ് പ്രസിഡണ്ട് കർദിനാൾ ജീൻ ലൂയിസ് ടോറാനും തമ്മിൽ കൂടിക്കാഴ്ച നടത്തി. അൽ യെമാമ കൊട്ടാരത്തിൽ വെച്ചാണ് കർദിനാൾ ജീൻ ലൂയിസ് ടോറാനെയും സംഘത്തെയും രാജാവ് സ്വീകരിച്ചത്. അക്രമവും തീവ്രവാദവും ഭീകരവാദവും നിരാകരിക്കുന്നതിലും ലോകത്ത് സമാധാനവും സുരക്ഷാ ഭദ്രതയുമുണ്ടാക്കുന്നതിലും മതാനുയായികൾക്ക് വലിയ പങ്കുണ്ടെന്ന് വത്തിക്കാൻ കർദിനാളും രാജാവും നടത്തിയ ചർച്ചയിൽ പ്രത്യേകം എടുത്തു പറഞ്ഞു.
ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ ഈസ, വിദേശ മന്ത്രി ആദിൽ അൽ ജുബൈർ, രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി തമീം അൽ സാലിം എന്നിവർ കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.
