നാട്ടിലേക്ക് മടങ്ങാത്ത തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി സൗദി
റിയാദ് : വിസാ കാലാവധിക്കുള്ളിൽ നാട്ടിലേക്ക് മടങ്ങാത്ത ഉംറ തീർത്ഥാടകർക്കും സർവ്വീസ് ഏജൻസികൾക്കും സൗദിയുടെ മുന്നറിയിപ്പ്. അനധികൃതമായി രാജ്യത്ത് കഴിയുന്നവരുടെ സ്പോൺസർക്ക് അന്പതിനായിരം റിയാൽ വരെ പിഴ ചുമത്തുമെന്ന് പാസ്പോർട്ട് വിഭാഗം അറിയിച്ചു. വിദേശ ഉംറ തീർത്ഥാടകർ വിസയുടെ കാലാവധി തീരുന്നതിനു മുന്പ് സൗദിയിൽ നിന്ന് മടങ്ങണമെന്ന് സൗദി പാസ്പോർട്ട് വിഭാഗം ഓർമ്മിപ്പിച്ചു.
തിരിച്ചു പോകാത്ത തീർത്ഥാടകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. തീർത്ഥാടകരെ തിരിച്ചയക്കേണ്ട ഉത്തരവാദിത്തം, കൊണ്ട് വരുന്ന സർവ്വീസ് എജൻസികൾക്കാണ്. വിസാ കാലാവധിക്കകം തിരിച്ചു പോകാത്തവരെ കുറിച്ച വിവരം കൃത്യ സമയത്ത് ബന്ധപ്പെട്ടവരെ അറിയിക്കണം. ഇതിൽ വീഴ്ച വരുത്തുന്നവർക്ക് അന്പതിനായിരം റിയാൽ പിഴ, ആറു മാസത്തെ തടവ് എന്നിവയാണ് ശിക്ഷ.
വിദേശിയാണെങ്കിൽ നാടു കടത്തുകയും ചെയ്യും. മറ്റു വിസകളിൽ സൗദിയിൽ കഴിയുന്ന വിദേശികൾ കാലാവധിക്കുള്ളിൽ തിരിച്ചു പോയില്ലെങ്കിലും സ്പോൺസർക്ക് ലഭിക്കുന്നത് ഇതേ ശിക്ഷ തന്നെയാണ്. ഉംറ തീർത്ഥാടകർ സൗദിയിൽ ജോലി ചെയ്യാനോ ജിദ്ദ, മക്ക, മദീന എന്നീ നഗരങ്ങൾക്ക് പുറത്തേക്കു പോകാനോ പാടില്ല.
വിസാ കാലാവധിക്കുള്ളിൽ തിരിച്ചു പോകാത്ത തീർത്ഥാടകർക്ക് താമസം, ജോലി, യാത്രാ സൗകര്യം തുടങ്ങിയ സഹായങ്ങൾ ചെയ്യുന്നവർക്കെതിരെയും നടപടിയുണ്ടാകും.

