മെഡിക്കൽ കോളേജുകളിൽ പഠിച്ചിറങ്ങുന്നവർക്ക് ഒരുവർഷത്തെ ഗ്രാമീണസേവനവും നിർബന്ധമാക്കാൻ ശുപാർശ
ന്യൂഡൽഹി: വിദേശജോലി സ്വീകരിക്കുംമുന്പ് സർക്കാർ മെഡിക്കൽ കോളേജുകളിൽ പഠിച്ച ഡോക്ടർമാർ രാജ്യത്ത് നിശ്ചിതകാല വൈദ്യസേവനം നിർബന്ധമാക്കണമെന്ന് പാർലമെന്ററി സമിതിയുടെ ശുപാർശ. രാജ്യത്തെ നികുതിദായകരുടെ പണമുപയോഗിച്ച് പഠിച്ചിറങ്ങുന്ന ഡോക്ടർമാർ കിട്ടിയ ആദ്യയവസരത്തിൽ തന്നെ രാജ്യം വിടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട സ്ഥിരംസമിതി അഭിപ്രായപ്പെട്ടു.
മെഡിക്കൽ കോളേജുകളിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് ഒരുവർഷത്തെ ഗ്രാമീണസേവനവും നിർബന്ധമാക്കണമെന്ന് പ്രൊഫ. രാംഗോപാൽ യാദവ് അധ്യക്ഷനായ സമിതി നിർദേശിച്ചു. ഇതിന് മാന്യമായ വേതനവും അടിസ്ഥാന സൗകര്യങ്ങൾ, അനുബന്ധ ജീവനക്കാർ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയും സർക്കാർ ലഭ്യമാക്കണം. പരിശീലനത്തോടൊപ്പം ഗ്രാമീണമേഖലയിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാനും ഇതുവഴി കഴിയും−സമിതി ചൂണ്ടിക്കാട്ടി. പാരാമെഡിക്കൽ മേഖലയിലെ കോഴ്സുകളുടെ പഠനക്രമത്തിൽ ഏകീകരണം വേണമെന്നാണ് മറ്റൊരു ശുപാർശ. മെഡിക്കൽ കമ്മിഷൻ ബില്ലിൽ ഭേദഗതി നിർദേശിക്കുന്ന സമിതിയുടെ റിപ്പോർട്ട് കഴിഞ്ഞയാഴ്ചയാണ് പാർലമെന്റിൽ വെച്ചത്. മെഡിക്കൽ കൗൺസിലിനു പകരമായി വരുന്ന മെഡിക്കൽ കമ്മിഷനിലെ അംഗങ്ങളുടെ തൊഴിൽപരവും വാണിജ്യപരവുമായ ബന്ധങ്ങൾ വെളിപ്പെടുത്തുന്നത് നിർബന്ധമാക്കണമെന്ന് സമിതി നിർദേശിച്ചു. നഴസിംഗ് കൗൺസിൽ, ഡെന്റൽ കൗൺസിൽ എന്നിവയുടെ ഘടന പൊളിച്ചെഴുതുന്നതിനെക്കുറിച്ച് പഠിക്കണമെന്ന് സമിതി ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

