അടുത്ത ഹജ്ജിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി ഹജ്ജ് മന്ത്രാലയം
റിയാദ് : അടുത്ത ഹജ്ജിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി അധികൃതർ അറിയിച്ചു. തീർത്‍ഥാടകരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ സേവനം കൂടുതൽ മെച്ചപ്പെടുത്താൻ ബന്ധപ്പെട്ടവർക്ക് ഹജ്ജ് മന്ത്രാലയം നിർദ്ദേശം നൽകി. ഈ വർഷത്തെ ഹജ്ജ് സേവനത്തിനായി 235 സർവ്‍വീസ് ഏജൻസികൾക്ക് ലൈസൻസ് അനുവദിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
തീർത്‍ഥാടകർക്കുള്ള സേവനം കൂടുതൽ മെച്ചപ്പെടുത്താൻ ബന്ധപ്പെട്ടവർക്ക് മന്ത്രാലയം നിർദ്ദേശം നൽകി. വരും വർഷങ്ങളിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഗതാഗത സൗകര്യം താമസ സൗകര്യം തുടങ്ങിയവ മെച്ചപ്പെടുത്തണം. തീർത്ഥാടകരുടെ താമസ സ്ഥലത്തെ കുറിച്ച വിവരം നൽകാനായി മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്.
ഹജ്ജ് സേവനങ്ങൾ നിയന്ത്രിക്കാനും നിരീക്ഷിക്കാനും കണ്ട്രോൾ സെന്‍റർ തുറന്നതായും മന്ത്രാലയം അറിയിച്ചു. പത്തു ലക്ഷത്തിലധികം തീർത്ഥാടകർക്ക് താമസിക്കാവുന്ന ആയിരത്തി ഇരുനൂറോളം ഹോട്ടലുകൾമക്കയിൽ സജ്ജമാണ്. 134ട്രാൻസ്പോർട്ട് കന്പനികൾ ആണ് ഹാജിമാർക്ക് യാത്രാ സൗകര്യം ഒരുക്കുക.
ദിനംപ്രതി 334,000 പേർക്ക് യാത്ര ചെയ്യാനുള്ള ബസുകൾ ഹജ്ജ് വേളയിൽ സജ്ജമാക്കും. അടുത്ത ആഗസ്റ്റിൽ ആണ് ഇത്തവണത്തെ ഹജ്ജ്. കഴിഞ്ഞ നവംബറിൽ ഉംറ സീസൺ ആരംഭിച്ചതിന് ശേഷം ഇതുവരെ നാൽപ്പത് ലക്ഷത്തിലേറെ പേർ ഉംറ നിർവ്‍വഹിച്ചതായും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുന്പോൾ ഇത് അഞ്ചു ശതമാനം കൂടുതലാണ്.

