ഹജ്ജ് ക്വാട്ടയിലെ വർദ്ധന : സൗദി രാജാവിന് നന്ദി പറഞ്ഞ് സുഷമ സ്വരാജ്
റിയാദ് : ഹജ്ജ് ക്വാട്ട വർദ്ധിപ്പിച്ചതിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിനു നന്ദി പറഞ്ഞു വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഇന്ത്യൻ തീർത്ഥാടകർക്കു സൗദി നൽകുന്ന പ്രത്യേക പരിഗണനയ്ക്കും കരുതലിനും മന്ത്രി കൃതജ്ഞത രേഖപ്പെടുത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടികളും സൗദി രാജാവുമായുള്ള കൂടിക്കാഴ്ചയിൽ വിഷയമായി. ഇന്ത്യ വിശിഷ്ടാതിഥിയാകുന്ന സൗദി പൈതൃകോൽസവം ‘ജനാദ്രിയ’ സൗദി ഭരണാധികാരി സൽമാൻ രാജാവിനൊപ്പം സുഷമ സ്വരാജ് ഉദ്ഘാടനം ചെയ്തിരുന്നു. പൈതൃകോൽസവത്തിലെ ഇന്ത്യൻ പവിലിയൻ സൽമാൻ രാജാവ് സന്ദർശിച്ചു. ‘സൗദി കാ ദോസ്ത് ഭാരത്’ ( സൗദിയുടെ സുഹൃത്ത് ഭാരതം) എന്നവിഷയത്തിലാണു പവിലിയൻ ഒരുക്കിയത്.

