ജനാ­ദ്രി­യ സാംസ്‌കാ­രി­കോ­ത്സവത്തിന് പ്രൗ­ഢഗംഭീ­രമാ­യ തു­ടക്കം


സൗദി അറേബ്യയുടെ സാംസ്‌കാരിക ഉത്സവമായ ജനാദ്രിയ ഫെസ്റ്റിവലിന് പ്രൗഢോജ്വല തുടക്കം. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവാണ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്. കേന്ദ്ര വിദേശമന്ത്രി സുഷമ സ്വരാജ് അടക്കമുള്ള വിശിഷ്ടാതിഥികളുടെയും വിദേശ രാഷ്ട്ര പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.  

പ്രമുഖ അറബ് കലാകാരന്മാരുടെ ഗാനങ്ങളും നൃത്തങ്ങളും ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളുടെ നാടോടി നൃത്തവും അരങ്ങേറി. വേദിയിൽ നിന്നിറങ്ങി ഗോൾഫ് കാറിൽ ഗ്രാമത്തിന്റെ പ്രധാന ഭാഗങ്ങളും അതിഥി രാജ്യമായ ഇന്ത്യയുടെ പവിലിയനും രാജാവ് സന്ദർശിച്ചു. എട്ട് മണിയോടെയാണ് രാജാവ് ഇന്ത്യൻ പവിലിയനിലെത്തിയത്.

ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും സൗദി വിദേശകാര്യ മന്ത്രി ആദിൽ ജുബൈറും രാജാവ് എത്തുന്നതിന് മുന്പ് തന്നെ ഇന്ത്യൻ പവിലിയനിൽ എത്തിയിരുന്നു. മന്ത്രി സുഷമ സ്വരാജ്, ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് തുടങ്ങിയവരാണ് രാജാവിനെ സ്വീകരിച്ചത്. ഇന്ത്യയെ വിശിഷ്ടാതിഥിയായി ക്ഷണിച്ചതിന് ഇന്ത്യൻ സമൂഹത്തിന് വേണ്ടി സുഷമ സ്വരാജ് രാജാവിനെ കൃതജ്ഞത അറിയിച്ചു. 

കുവൈത്ത് കിരീടാവകാശി ഷെയ്ഖ് നവാഫ് അൽഅഹ്മദ് ജാബിർ അൽ സബാഹ്, യു.എ.ഇയിലെ സായിദ് ബിൻ സുൽത്താൻ അൽനഹ്യാൻ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡണ്ട് ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് അസ്അദ് ബിൻ താരിഖ് അൽസഈദ്, ബഹ്‌റൈൻ നാഷണൽ ഗാർഡ് പ്രസിഡണ്ട് ശൈഖ് ജനറൽ മുഹമ്മദ് അൽഖലീഫ, നാഷണൽ ഗാർഡ് മന്ത്രി ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് രാജകുമാരൻ, ഡെപ്യൂട്ടി നാഷണൽ ഗാർഡ് മന്ത്രി അബ്ദുൽ മുഹ്‌സിൻ അൽ തുവൈജിരി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഒട്ടകയോട്ട മത്സരത്തിലെ വിജയികൾക്ക് രാജാവ് സമ്മാനങ്ങൾ വിതരണം ചെയ്തു. നാലരയോടെയാണ് സൽമാൻ രാജാവ് ജനാദ്രിയ ഫെസ്റ്റിവൽ ഉദ്ഘാടനത്തിനെത്തിയത്. പ്രധാന കവാടത്തിലൂടെ വേദിയിലെത്തിയ രാജാവിനെ നാഷണൽ ഗാർഡ് മന്ത്രി ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് രാജകുമാരൻ, സഹമന്ത്രി അബ്ദുൽ മുഹ്‌സിൻ ബിൻ അബ്ദുൽ അസീസ് അൽതുവൈജരി എന്നിവർ സ്വീകരിച്ചു.

സൗദി-ഇന്ത്യ ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക വിനിമയം ശക്തമാക്കുന്നതിനും ജനാദ്രിയ ഫെസ്റ്റിവലിൽ വിശിഷ്ടാതിഥി രാജ്യമെന്ന നിലയിലുള്ള ഇന്ത്യയുടെ പങ്കാളിത്തം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed