ഇന്ത്യയുടെ ഹജ്ജ് ക്വാട്ടയിൽ അയ്യായിരം സീറ്റുകളുടെ വർദ്ധന
റിയാദ് : ഇന്ത്യയുടെ ഈ വർഷത്തെ ഹജ്ജ് ക്വാട്ടയിൽ അയ്യായിരം സീറ്റുകൾ വർദ്ധിപ്പിച്ചു. ഇതോടെ ഒന്നേമുക്കാൽ ലക്ഷം തീർത്ഥാടകർക്ക് ഇത്തവണ ഇന്ത്യയിൽ നിന്നും ഹജ്ജ് നിർവ്വഹിക്കാം. രണ്ടുവർഷത്തിനിടെ രണ്ടാം തവണയാണ് ഇന്ത്യയുടെ ഹജ്ജ് സീറ്റിൽ വർദ്ധന വരുത്തുന്നത്. 1,70,025 ആയിരുന്നു കഴിഞ്ഞ വർഷം ഇന്ത്യയുടെ ഹജ്ജ് ക്വാട്ട.
ഇന്ത്യയുടെ അഭ്യർത്ഥന പരിഗണിച്ചാണ് ഹജ്ജ് ക്വാട്ടയിൽ വർദ്ധനവ് വരുത്തിയതെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി അറിയിച്ചു. 1,75,025 ആയിരിക്കും ഇന്ത്യയുടെ പുതിയ ഹജ്ജ് ക്വാട്ടയെന്നു ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചു. മുൻ വർഷങ്ങളെ പോലെതന്നെ ഹജ്ജ് ക്വാട്ടയിൽ 73% പേർ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴിയും 27% സ്വകാര്യ ഗ്രൂപ്പുകൾ വഴിയും ഹജ്ജിനെത്തും. ഇതുപ്രകാരം നാൽപ്പത്തിയാറായിരത്തോളം തീർത്ഥാടകർ സ്വകാര്യ ഗ്രൂപ്പുകൾ വഴി ഹജ്ജ് നിർവ്വഹിക്കും.
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇന്ത്യയും സൗദിയും തമ്മിൽ ഈ വർഷത്തെ ഹജ്ജ് കരാറിൽ ഒപ്പ് വെച്ചത്. ചടങ്ങിൽ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വർദ്ധിപ്പിക്കണം എന്ന് മുഖ്താർ അബ്ബാസ് നഖ്വി സൗദി ഹജ്ജ് മന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു. ഇത് അനുഭാവപൂർവ്വം പരിഗണിക്കാം എന്നായിരുന്നു അന്ന് ലഭിച്ച മറുപടി. തുടർന്ന് ഇന്നലെയാണ് ക്വാട്ട വർദ്ധിപ്പിച്ചു കൊണ്ടുള്ള അറിയിപ്പ് ലഭിച്ചതെന്നു ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ജൂലൈ മധ്യത്തിൽ ഇത്തവണത്തെ ഹജ്ജ് വിമാന സർവ്വീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. 3,60,000 ത്തോളം പേരാണ് ഇന്ത്യയിൽ നിന്നും ഇത്തവണ ഹജ്ജിനായി അപേക്ഷിച്ചിരിക്കുന്നത്.
അതേസമയം ഹജ്ജ് സീറ്റുകൾ വർദ്ധിപ്പിച്ചതോടെ കേരളത്തിലെ അപേക്ഷകർ നല്ല പ്രതീക്ഷയിലാണ്. 2011−ലെ സെൻസസ് പ്രകാരം രാജ്യത്തെ മുസ്ലീം ജനസംഖ്യയിൽ 5.15 ശതമാനമാണ് കേരളത്തിലുള്ളത്. കഴിഞ്ഞ വർഷം തുടക്കത്തിൽ തന്നെ 11,197 സീറ്റുകൾ കേരളത്തിന് ലഭിച്ചിരുന്നു. അഞ്ചാം വർഷക്കാർക്കുള്ള പ്രത്യേക ക്വാട്ടയും അപേക്ഷകൾ കുറവുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള സീറ്റുകളും അടക്കമായിരുന്നു ഇത്.
തീർത്ഥാടനം തുടങ്ങിയശേഷം ഒഴിവുവന്ന 281 സീറ്റുകൾകൂടി ലഭിച്ചതോടെ കേരളത്തിൽ നിന്ന് 11,478 പേർക്ക് ഹജ്ജിന് അവസരം ലഭിച്ചു. ഇക്കൊല്ലം കേരളത്തിന് ലഭിക്കുന്നവിഹിതത്തിൽ നേരിയ വർദ്ധനയുണ്ടാകുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ഇത്തവണ അഞ്ചാം വർഷക്കാർക്ക് സംവരണം ഇല്ല.അതേസമയം 45 വയസ്സിനുമുകളിൽ പ്രായമുള്ള സ്ത്രീകളുടെ സംഘത്തിന് നറുക്കെടുപ്പില്ലാതെ അവസരം നൽകുന്നുണ്ട്.
കേരളത്തിൽ നിന്ന് 1124 സ്ത്രീകൾ ഇത്തരത്തിൽ ഹജ്ജിന് പോകുന്നുണ്ട്. ഇവർക്ക് കേന്ദ്രം പ്രത്യേക ക്വാട്ട അനുവദിക്കുകയാണെങ്കിൽ കേരളത്തിന് നേട്ടമാകും. രാജ്യത്താകെ 1300 അപേക്ഷകരാണ് ഇത്തരത്തിലുള്ളത്. രാജ്യത്ത് ഏറ്റവും അധികം ഹജ്ജ് അപേക്ഷകർ ഇത്തവണയും കേരളത്തിൽ നിന്നാണ്, എഴുപതിനായിരത്തോളം പേർ. മുൻവർഷം 95,236 അപേക്ഷകർ ഉണ്ടായിരുന്നു.

