സൗദിയിൽ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം വർദ്ധിച്ച് വരുന്നതായി റിപ്പോർട്ട്
ജിദ്ദ : സൗദി അറേബ്യയിൽ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം വർദ്ധിച്ച് വരുന്നതായി റിപ്പോർട്ട്. രാജ്യത്ത് നിന്ന് വിദേശ തൊഴിലാളികളുടെ കൊഴിഞ്ഞ് പോക്ക് തുടരുന്പോഴാണ് ഇന്ത്യക്കാരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യമുണ്ടായിരിക്കുന്നത്. സൗദി സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ കണക്കുകളിലാണ് ഇത് വ്യക്തമാകുന്നത്. കഴിഞ്ഞ വർഷം 95,000 വിദേശികളാണ് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് മടങ്ങിയത്. എന്നാൽ ഇതേ കാലയളവിൽ ഇന്ത്യക്കാരുടെ എണ്ണം 7 ശതമാനം വർദ്ധിച്ചു.
കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ രാജ്യത്ത് ഉണ്ടായിരുന്നത് ഒരു കോടി എട്ട് ലക്ഷം വിദേശികളാണ്. എന്നാൽ ജൂലൈ−-സപ്തംബർ മാസത്തേടെ ഇത് ഒരു കോടി ആറു ലക്ഷമായി കുറഞ്ഞു. എന്നാൽ ഇതേ കാലയളവിൽ ഇന്ത്യക്കാരുടെ എണ്ണത്തിൽ 2.14 ലക്ഷം വർദ്ധനവ് രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം മാർച്ചിലെ കണക്കനുസരിച്ച് 30,39,193 ഇന്ത്യക്കാരാണ് സൗദിയിലുണ്ടായിരുന്നത്. എന്നാൽ സപ്തംബറിൽ ഇന്ത്യക്കാരുടെ എണ്ണം 32,53,901 ആയി ഉയർന്നു. അതായത് ഇന്ത്യക്കാരുടെ എണ്ണത്തിൽ ഏഴ് ശതമാനം വർദ്ധനവ് കഴിഞ്ഞ വർഷം രേഖപ്പെടുത്തി എന്നർത്ഥം.
മൊബൈൽ ഫോൺ, ജ്വല്ലറി, റെന്റ് എ കാർ, ഷോപിംഗ് മാൾ എന്നിവിടങ്ങളിൽ സ്വദേശിവൽക്കരണം ശക്തമാണ്. ഇതിനു പുറമെ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണ പദ്ധതിയായ നിതാഖത്ത് കൂടുതൽ കർശനമാക്കി.
ഈ പശ്ചാത്തലത്തിൽ നിരവധി വിദേശ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ഫൈനൽ എക്സിറ്റിൽ രാജ്യം വിടുകയും ചെയ്തിരുന്നു. എന്നാൽ പ്രതികൂല സാഹചര്യങ്ങളിലും ഇന്ത്യക്കാർക്ക് സൗദിയിൽ അവസരം നഷ്ടമായിട്ടില്ല എന്നാണ് പുറത്തുവരുന്ന കണക്കുകൾവ്യക്തമാക്കുന്നത്.

