സൗദിയിലെ സ്വകാര്യ മേഖലയിൽ രണ്ട് വർഷം കൊണ്ട് ജോലി നേടിയത് ആറ് ലക്ഷം സ്വദേശികൾ
മക്ക : രാജ്യത്ത് കഴിഞ്ഞ രണ്ടു വർഷത്തിനിടെ സ്വകാര്യ മേഖലയിൽ ജോലി ലഭിച്ചത് ആറ് ലക്ഷം തൊഴിലാളികൾക്ക്. സ്വദേശിവൽക്കരണ പദ്ധതിയായ നിതാഖത് നടപ്പാക്കിയ ശേഷമാണ് ഇത്രയധികം പേർക്ക് ജോലി ലഭിച്ചതെന്ന് തൊഴിൽ, സാമൂഹികവികസന മന്ത്രാലയം അറിയിച്ചു. സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറച്ചുകൊണ്ടുവരുന്നതിനുള്ള ഊർജ്ജിത ശ്രമങ്ങളാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടപ്പിലാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
2015, 16 വർഷങ്ങളിൽ ആറു ലക്ഷം ഉദ്യോഗാർത്ഥികൾ സ്വകാര്യ മേഖലയിൽ തൊഴിൽ കണ്ടെത്തിയതായും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 6,01,770 സ്വദേശികൾക്കാണ് തൊഴിൽ ലഭിച്ചത്. ഇതിൽ ഏഴ് ശതമാനം പേർ ജോലി ഉപേക്ഷിച്ച ശേഷം വീണ്ടും തൊഴിൽ കണ്ടെത്തത്തിയവരാണ്. കഴിഞ്ഞ വർഷം സ്വകാര്യ സ്ഥാപനങ്ങളിൽ 2.33 ലക്ഷം സ്വദേശികൾക്കാണ് തൊഴിൽ ലഭിച്ചത്. 2015−ൽ 3.68 ലക്ഷം സ്വദേശികൾക്ക് തൊഴിൽ കണ്ടെത്താൻ കഴിഞ്ഞെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിൽ ലഭിച്ചവരിൽ 45 ശതമാനവും വ്യാപാര മേഖലയിലെ തൊഴിലവസരമാണ് ഉപയോഗപ്പെടുത്തിയത്. തൊഴിൽ ഉപേക്ഷിച്ച 15,701 സ്വദേശികൾ കഴിഞ്ഞവർഷം സ്വകാര്യ മേഖലയിൽ ജോലി കണ്ടെത്തി.
2030−ഒാടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനമായി കുറയ്ക്കുകയാണ് തൊഴിൽ മന്ത്രാലയം ലക്ഷ്യമിടുന്നത്. നിലവിൽ 12.7 ശതമാനമാണ് സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക്. സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം ലഭ്യമാക്കുന്നതിന് 2011−ലാണ് സ്വദേശിവൽക്കരണ പദ്ധതി ആരംഭിച്ചത്. സൗദിയിൽ സ്വകാര്യ മേഖലയിൽ 1.1 കോടി വിദേശികൾ ജോലി ചെയ്യുന്നുണ്ടെന്നാണ്കണക്കാക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളിൽ കൂടുതൽ സ്വദേശികളെ നിയമിക്കുന്നതിനുള്ള സന്തുലിത നിതാഖാത്ത് അടുത്തമാസം മൂന്നിന് പ്രാബല്യത്തിൽ വരുമെന്നും തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

