വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം: പിണറായി വിജയന് മറുപടി കത്തുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ


തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തി. നിലവിലെ യു.ഡി.എഫ് സർക്കാരിന്റെ കാലയളവിൽ അദാനി കമ്പനിയുടെ ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് യാതൊരുവിധ തീരുമാനങ്ങളോ അനുമതികളോ സംസ്ഥാന സർക്കാർ നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. അദാനി കമ്പനി ഈ നടപടികൾ ആരംഭിച്ചത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തുതന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തുറമുഖ കരാറിലെ നിബന്ധനകൾ പ്രകാരം 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറ്റം നടത്തുന്നതിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. എന്നാൽ, സർക്കാരിന്റെ അനുമതി തേടാതെ അദാനി കമ്പനി ഓഹരി കൈമാറ്റത്തിനായി സെബിയെ സമീപിച്ച നടപടിയിൽ സംസ്ഥാന സർക്കാർ കടുത്ത അതൃപ്തി കമ്പനിയെ നേരിട്ട് അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് ജൂലൈ 3-ന് അദാനി ഗ്രൂപ്പ് സർക്കാരിന് മറ്റൊരു കത്ത് നൽകിയിട്ടുണ്ടെന്നും, ഈ വിഷയം വിശദമായി പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എംപവേർഡ് കമ്മിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന താൽപര്യം മുൻനിർത്തി മാത്രമേ ഇതിൽ തുടനടപടികൾ ഉണ്ടാകൂ എന്നും അദ്ദേഹം കത്തിലൂടെ ഉറപ്പുനൽകി.

അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ സംസ്ഥാന സർക്കാരിന് ഓഹരി പങ്കാളിത്തമില്ലാത്തതിനാൽ, സർക്കാരിനെ അറിയിക്കാതെ ഏകപക്ഷീയമായി തീരുമാനമെടുത്തു എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം വസ്തുതാവിരുദ്ധമാണ്. അദാനി ഗ്രൂപ്പ് തങ്ങളുടെ ഓഹരികൾ കൈമാറാൻ ശ്രമിക്കുന്ന എം.എസ്.സി ഗ്രൂപ്പിന്റെ പ്രമുഖർ, മുൻ എൽ.ഡി.എഫ് സർക്കാർ 2025-ൽ സംഘടിപ്പിച്ച 'വിഴിഞ്ഞം കോൺക്ലേവിൽ' പങ്കെടുത്തിരുന്നു. അതിനാൽ ഓഹരി കൈമാറ്റത്തിനായുള്ള ചർച്ചകൾ അന്നേ ആരംഭിച്ചതാണെന്ന് കരുതേണ്ടി വരും. തുറമുഖത്തെ പൊതുസൗകര്യങ്ങൾ ഒരു കമ്പനിയും കുത്തകയാക്കാൻ പാടില്ലെന്ന കരാർ വ്യവസ്ഥ നിലനിൽക്കുന്നുണ്ടെന്നും, ഇതിന് കേന്ദ്ര സർക്കാരിന്റെ സുരക്ഷാ അനുമതികൾ കൂടി ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായിട്ടുള്ള എല്ലാ നിയമപരമായ അധികാരങ്ങളും കൃത്യമായ ഘട്ടത്തിൽ ഉപയോഗിക്കുമെന്നും, അതിനാൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആശങ്കകൾക്കും ആരോപണങ്ങൾക്കും യാതൊരു അടിസ്ഥാനവുമില്ലെന്നും വി.ഡി. സതീശൻ മറുപടി കത്തിൽ വ്യക്തമാക്കി.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed