കളിക്കളം 2017 സമാപനം ആഗസ്റ്റ് 18ന്
മനാമ : ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നു വരുന്ന അവധിക്കാല ക്യാന്പ് ‘കളിക്കളം 2017’ സമാപനം ആഗസ്റ്റ് 18ന് വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നാടിന്റെയും പ്രകൃതിയുടെയും നന്മ വിളിച്ചോതുന്ന വിവിധങ്ങളായ കലാദൃശ്യങ്ങളോടെയുള്ള നൃത്തശിൽപ്പങ്ങളും, ഗുണപാഠസന്ദേശങ്ങളും, ഉൾക്കൊള്ളുന്ന കഥകൾക്ക് രംഗഭാക്ഷയൊരുക്കുന്ന ചിത്രീകരണങ്ങളും സംയോജിപ്പിച്ച് 170ൽപരം കുട്ടികൾ അരങ്ങിലൊരുക്കുന്ന ദൃശ്യവിരുന്നിന്റെ പരിശീലനമാണ് ആരംഭിച്ചിട്ടുള്ളത്. ‘ഓമനത്തിങ്കൾ കിടാവോ’, കൊയ്ത്തുപാട്ട് തുടങ്ങിയവയുടെ നൃത്ത രൂപം, മണ്ണാങ്കട്ടയും കരിയിലയും, മരങ്ങളുടെ ആവശ്യകതയെ ചൂണ്ടുന്ന ‘ചക്കരമാന്പഴം’ ഓണത്തിന്റെ ഓർമ്മകൾ സമ്മാനിക്കുന്ന ‘ഉത്രാടരാത്രി’ തുടങ്ങിയവയും കുട്ടികൾ അരങ്ങിലെത്തിക്കും.
ആഗസ്റ്റ് 18ന് വൈകുന്നേരം 7 മണിക്ക് അരങ്ങേറുന്ന കളംപിരിയൽ സന്ധ്യയിൽ കുരുന്നു കൂട്ടങ്ങൾ അവതരിപ്പിക്കുന്ന വർണ്ണപ്പകിട്ടാർന്ന കലാവിരുന്ന് ആസ്വദിക്കുവാൻ ഏല്ലാവരും എത്തിച്ചേരണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

