യെമനിൽ വീരമൃത്യു വരിച്ച സൈനികരുടെ വീട് ഷെയ്ഖ് സായിദ് അൽ നഹ്യാൻ സന്ദർശിച്ചു
അബുദാബി : യെമനിൽ സഖ്യസേനയുടെ ഭാഗമായി പ്രവർത്തിക്കവെ വീരമൃത്യു വരിച്ച സൈനികരുടെ വീടുകൾ യു.എ.ഇ സായുധസേനാ ഉപസർവ്വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി.
രക്തസാക്ഷികളായ അൽ ഐൻ സ്വദേശിയായ ക്യാപ്റ്റൻ അഹമ്മദ് ഖലീഫ അൽ ബലോഷി, റാസ് അൽ ഖൈമ സ്വദേശിയായ ഫസ്റ്റ് ലെഫ്. പൈലറ്റ് ജാസിം സലേഹ് അൽ സാബി, ഫുജൈറയിൽ നിന്നുള്ള വാറണ്ട് ഓഫീസർ മുഹമ്മദ് സായിദ് അൽ ഹസ്സാനി, അജ്മാനിൽ നിന്നുള്ള വാറണ്ട് ഓഫീസർ സമീർ മുഹമ്മദ് മുറാദ് അബൂബക്കർ എന്നിവരുടെ വീടുകൾ സന്ദർശിച്ച ഷെയ്ഖ് മുഹമ്മദ് പ്രാർത്ഥനകളിൽ പങ്കെടുത്തു.
സൈനികരുടെ വൃദ്ധ മാതാപിതാക്കളെയും കുരുന്നുകളെയും ബന്ധുക്കളെയും ഷെയ്ഖ് മുഹമ്മദ് സമാശ്വസിപ്പിച്ചു. സൈനികരുടെ ഓർമ്മകൾ രാജ്യം എന്നും നെഞ്ചിലേറ്റുമെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക വിജ്ഞാന വികസന വകുപ്പുമന്ത്രി ഷെയ്ഖ്നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ, എക്സിക്യൂട്ടീവ് കൗൺസിൽ സെക്രട്ടറി ജനറൽ അഹമ്മദ് മുബാറഖ് അൽ മസ്റോയി എന്നിവർ ഷെയ്ഖ് അൽ നഹ്യാനൊപ്പം സൈനികരുടെ വീടുകൾ സന്ദർശിച്ചു.

