ബഹ്റൈനിൽ നേർത്ത പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം അടുത്ത മാസം മുതൽ
മനാമ: ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന നേർത്ത പ്ലാസ്റ്റിക് ബാഗുകൾക്ക് ബഹ്‌റൈൻ ഏർപ്പെടുത്തിയ നിരോധനം അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും. നിരോധനത്തിന് മുന്നോടിയായുള്ള അവസാനഘട്ട ഒരുക്കങ്ങൾ ഉൽപ്പാദകരും ഇറക്കുമതിക്കാരും വ്യാപാരികളും എത്രയും വേഗം പൂർത്തിയാക്കണമെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
57 മൈക്രോണിൽ താഴെ കനമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചുകൊണ്ടുള്ള 2026-ലെ ഏഴാം നമ്പർ പ്രമേയം (Resolution No. 7 of 2026) എല്ലാ ബിസിനസ് സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് മന്ത്രാലയത്തിലെ ഇൻസ്പെക്ഷൻ ആൻഡ് സ്റ്റാൻഡേർഡ് ഡയറക്ടറേറ്റ് ഡയറക്ടർ സയ്യിദ് അലി ശുബ്ബർ വ്യക്തമാക്കി. ബഹ്‌റൈൻ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുതിയ നിയമം നടപ്പിലാകുന്നതിന് മുൻപുള്ള ഈ പരിവർത്തന കാലയളവ് പരമാവധി പ്രയോജനപ്പെടുത്തി പ്രൊഡക്ഷൻ ലൈനുകളിൽ മാറ്റം വരുത്താനും, നിയമവിധേയമായ ബദൽ മാർഗ്ഗങ്ങൾ കണ്ടെത്താനും, നിലവിലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കാനും കമ്പനികൾ തയ്യാറാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
പുതിയ നിയമത്തിലെ ആവശ്യകതകൾ വ്യക്തമാക്കുന്ന സമഗ്രമായ ഒരു മാർഗ്ഗനിർദ്ദേശ മാനുവൽ മന്ത്രാലയം ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ വ്യാപാരികളുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ പ്രത്യേക ആശയവിനിമയ ചാനലുകളും ഒരുക്കിയിട്ടുണ്ട്. നിർമ്മാതാക്കൾക്കും വ്യാപാരികൾക്കും പുതിയ മാനദണ്ഡങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുന്നതിനും നിയമം സുഗമമായി നടപ്പാക്കുന്നതിനുമായി ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു വരുന്നു.
ഈ പരിഷ്‌കാരം നടപ്പിലാക്കുന്നതിന്റെ എല്ലാ ഘട്ടങ്ങളിലും വാണിജ്യ മേഖലയെ പങ്കാളികളാക്കിയിട്ടുണ്ടെന്ന് അലി ശുബ്ബർ ചൂണ്ടിക്കാട്ടി. മന്ത്രാലയം ആദ്യം ഇതിന്റെ കരട് നിർദ്ദേശം വേൾഡ് ട്രേഡ് ഓർഗനൈസേഷനെ (WTO) അറിയിക്കുകയും, അതിനുശേഷം ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി പങ്കുവെച്ച് ബന്ധപ്പെട്ടവരുമായി സാങ്കേതിക വശങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ഭൂരിഭാഗം കമ്പനികളും മന്ത്രാലയവുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും, പലരും ഇതിനകം തന്നെ തങ്ങളുടെ ഉൽപ്പാദന രീതികളിൽ മാറ്റം വരുത്തുകയോ പുതിയ നിയമത്തിന് അനുയോജ്യമായ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ സപ്ലയർമാരുമായി കരാറിലെത്തുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ പല സ്ഥാപനങ്ങളും പരിസ്ഥിതി സൗഹൃദ ബാഗുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്.
മാറ്റത്തിന്റെ ഈ ഘട്ടത്തിൽ പഴയ സ്റ്റോക്കുകൾ തീർക്കുക, പുതിയ സപ്ലയർമാരെ കണ്ടെത്തുക, അനുവദനീയമായ പ്ലാസ്റ്റിക് ബാഗുകളുടെ കൃത്യമായ കനവും സാങ്കേതിക സവിശേഷതകളും മനസ്സിലാക്കുക എന്നിവയിൽ വ്യാപാരികൾ ചില വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അവ പരിഹരിക്കാൻ മന്ത്രാലയം ഒപ്പമുണ്ടെന്നും ശുബ്ബർ കൂട്ടിച്ചേർത്തു.
aa

