സ്‌കൂളുകളിൽ രാഷ്ട്രീയം വിലക്കി തമിഴ്‌നാട് സർക്കാർ; രാഷ്ട്രീയക്കാർക്കും പ്രവേശന വിലക്ക്


ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളുകളിലും ക്ലാസ് മുറികളിലും രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കും സ്വകാര്യ വ്യക്തികൾക്കും പ്രവേശനം വിലക്കി മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഉത്തരവിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിനു മാത്രമുള്ളതാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ളതല്ലെന്നും വ്യക്തമാക്കിക്കൊണ്ട് തമിഴ്‌നാട് സ്കൂൾ വിദ്യാഭ്യാസ വകുപ്പാണ് കടുത്ത നിയന്ത്രണങ്ങളടങ്ങിയ സർക്കുലർ പുറപ്പെടുവിച്ചത്.

സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി രാജ് മോഹൻ പുറത്തിറക്കിയ സർക്കുലർ പ്രകാരം, ഇനി മുതൽ സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് മാത്രമായിരിക്കും സ്‌കൂളുകളിലും ക്ലാസ് മുറികളിലും പ്രവേശനം അനുവദിക്കുക. സ്‌കൂളുകൾ പഠിക്കാനുള്ള ഇടമാണെന്നും ആരെയും പുകഴ്ത്തിപ്പാടാനുള്ള സ്ഥലമല്ലെന്നും വിജയ് സർക്കാർ സർക്കുലറിലൂടെ ഓർമ്മിപ്പിച്ചു. ക്ലാസ് മുറികളിലോ സ്‌കൂൾ പരിസരങ്ങളിലോ രാഷ്ട്രീയ നേതാക്കളുടെയോ മറ്റ് വ്യക്തികളുടെയോ ജന്മദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനും ഉത്തരവിലൂടെ പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ സ്‌കൂളുകളിൽ നടത്തുന്ന ഏതൊരു പരിപാടിയും പൂർണ്ണമായും നിഷ്പക്ഷത പുലർത്തുന്നതും വിദ്യാഭ്യാസവുമായി നേരിട്ട് ബന്ധമുള്ളതുമായിരിക്കണം. ഇതിന്റെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ ഉടൻ തന്നെ പുറത്തിറക്കും.

സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് ദേശീയ തലത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനമെന്ന നിലയിലാണ് തമിഴ്‌നാട് പഠനാന്തരീക്ഷം കൂടുതൽ സുതാര്യമാക്കാൻ ഈ പുതിയ പരിഷ്‌കാരത്തിലേക്ക് കടന്നിരിക്കുന്നത്. 'യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ' (UDISE) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വിദ്യാർത്ഥികളുടെ പങ്കാളിത്തം, സ്കൂൾ കൊഴിഞ്ഞുപോക്ക് നിരക്ക്, അധ്യാപകരുടെ ലഭ്യത, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ പ്രധാന സൂചകങ്ങളിലെല്ലാം തമിഴ്‌നാട് ദേശീയ ശരാശരിയേക്കാൾ വളരെ മുന്നിലാണ്. പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിൽ തമിഴ്‌നാട്ടിൽ സ്കൂൾ കൊഴിഞ്ഞുപോക്ക് നിരക്ക് പൂജ്യമാണെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed