വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി അധ്യാപക ജോലി നേടാൻ ശ്രമം: വിദേശിക്ക് ആറുമാസം തടവും നാടുകടത്തലും
മനാമ: വ്യാജ സർവകലാശാല ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ച് അധ്യാപക ജോലി നേടാൻ ശ്രമിച്ച വിദേശിക്ക് ലോവർ ക്രിമിനൽ കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ രാജ്യത്തുനിന്ന് സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഒരു സ്വകാര്യ സ്‌കൂളിൽ അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനും ഔദ്യോഗിക അംഗീകാരങ്ങൾ (Accreditation) നേടിയെടുക്കുന്നതിനുമായാണ് പ്രതി ഈ വ്യാജ സർട്ടിഫിക്കറ്റ് അധികൃതർക്ക് മുന്നിൽ സമർപ്പിച്ചത്. എന്നാൽ, വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന പതിവ് സർട്ടിഫിക്കറ്റ് പരിശോധനകൾക്കിടയിലാണ് ഈ തട്ടിപ്പ് പുറത്തായത്. തുടർന്ന് മന്ത്രാലയം അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ അന്വേഷണത്തിൽ സാക്ഷിമൊഴികൾ, പരിശോധനാ റിപ്പോർട്ടുകൾ എന്നിവയ്ക്ക് പുറമെ, സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരുന്ന സർവകലാശാലയുമായി അധികൃതർ നേരിട്ട് ബന്ധപ്പെടുകയും ചെയ്തു. തങ്ങൾ ഇങ്ങനെയൊരു സർട്ടിഫിക്കറ്റ് ആർക്കും നൽകിയിട്ടില്ലെന്ന് സർവകലാശാല സ്ഥിരീകരിച്ചതോടെയാണ് ഇതൊരു വ്യാജ രേഖയാണെന്ന് പൂർണ്ണമായും തെളിഞ്ഞത്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, വ്യാജ സർട്ടിഫിക്കറ്റ് കണ്ടുകെട്ടാനും ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ ബഹ്‌റൈനിൽ നിന്ന് സ്ഥിരമായി നാടുകടത്താനും ഉത്തരവിടുകയായിരുന്നു.
aa

