ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച 95400 പേരെ തിരിച്ചയച്ചു


മക്ക : ഹജ്ജ് അനുമതി പത്രമില്ലാതെ  മക്കയിലേക്ക് കടക്കാൻ ശ്രമിച്ച 95,400 ഹജ്ജ് സുരക്ഷാ സേന തിരിച്ചയച്ചു. 47,700 വാഹനങ്ങളെയും ഇതിനകം  മക്കയിൽ പ്രവേശിക്കാൻ  അനുവദിക്കാതെ തിരിച്ചയച്ചു. ജൂലൈ 19നും ആഗസ്റ്റ് 12നും ഇടയിലാണ് ഇത്രയും പേരെ മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ നിന്നും മക്കയിലേക്കുള്ള റോഡുകളിലെ ചെക്ക് പോയിന്റുകളിൽ നിന്നും തിരിച്ചയച്ചതെന്ന്  ഹജ്ജ് സുരക്ഷാ സേന കമാൻഡർ  ജനറൽ ഖാലിദ് ബിൻ ഖറാർ അൽഹർബി പറഞ്ഞു.    

ഹജ്ജ് വേളയിൽ അനധികൃതമായി  മക്കയിലേക്ക് കടക്കുന്നവരെ നിയന്ത്രിക്കാനും പിടികൂടാനും മക്കയിലും മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലും വിപുലമായ സംവിധാനമാണ് സുരക്ഷാവകുപ്പുകൾ ഒരുക്കിയിരിക്കുന്നത്. ഹജ്ജ് സുരക്ഷ ഉറപ്പുവരുത്തുന്നതിന് സുരക്ഷാ വകുപ്പുകൾ  എല്ലാവിധ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. ഹജ്ജ് നിയമങ്ങൾ ലംഘിക്കുന്നതിനും ഹജ്ജിന്റെ പവിത്രത ലംഘിക്കുന്നതിനും ആരെയും അനുവദിക്കില്ല. നിയമ ലംഘകരെയും ഹജ്ജ്
അനുമതിപത്രമില്ലാത്തവരെയും നിയമ ലംഘകരായ തീർത്ഥാടകരെ മക്കയിലേക്ക് കടത്താൻ ശ്രമിക്കുന്നവരെയുംപിടികൂടി ശിക്ഷാ നടപടികൾ സ്വീകരിക്കും.

നിയമം ലംഘിച്ച് ഹജ്ജ് നിർവ്വഹിക്കുന്നവരെ കണ്ടെത്താൻ പുണ്യസ്ഥലങ്ങളിൽ തീർത്ഥാടകരുടെ വിരലടയാളങ്ങൾ പരിശോധിക്കും. മക്കയിലേക്കും പുണ്യ സ്ഥലങ്ങളിലേക്കുമുള്ള റോഡുകളും മരുഭൂപാതകളും ശക്തമായി നിരീക്ഷിക്കും. മക്കയുടെ പ്രവേശന കവാടങ്ങളിൽ സ്ഥാപിച്ച ക്യാമറ ശൃംഖലയും ഇതിന് പ്രയോജനപ്പെടുത്തും. നിയമാനുസൃതം ഹജ്ജ് നിർവ്വഹിക്കുന്നവർക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കുന്നതിന് സൗദി പൗരന്മാരും വിദേശികളും സുരക്ഷാ വകുപ്പുകളുമായി സഹകരിക്കണം. ഹജ്ജ് നിർവ്വഹിക്കുന്നതിന് ആഗ്രഹിക്കുന്നവർ നിയമ, വ്യവസ്ഥകൾ പാലിക്കണമെന്ന് ജനറൽ ഖാലിദ് ബിൻ ഖറാർ അൽ
ഹർബി അഭ്യർത്ഥിച്ചു.

ഹജ്ജ് നിയമ ലംഘകർക്ക് 50000 റിയാൽ വരെ ഒരു തീർത്ഥാടകന്റെ പേരിൽ പിഴ ഈടാക്കുമെന്നും ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും  വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും ഹജ്ജ് സുരക്ഷാസേന കമാൻഡർ മുന്നറിയിപ്പ് നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed