ഹജ്ജിന് തീർത്ഥാടക പ്രവാഹം തുടങ്ങി: കിസ്വ ഉയർത്തിക്കെട്ടി
മക്ക : തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചതോടെ മക്കയിലെ വിശുദ്ധ കഅബയിൽ അണിയിച്ചിട്ടുള്ള കിസ്വ ഉയർത്തിക്കെട്ടി. വെളുത്ത പട്ടുതുണി ഉപയോഗിച്ച് ഉയർത്തിക്കെട്ടിയ കിസ്വയുടെ ഭാഗം രണ്ടുമീറ്റർ വീതിയിൽ മറച്ചിട്ടുണ്ട്. തീർത്ഥാടകർക്ക് കൈയെത്താത്തവിധം മൂന്നുമീറ്റർ ഉയരത്തിലാണ് കിസ്വ എന്നറിയപ്പെടുന്ന മൂടുപടം ഉയർത്തിയത്.
ലക്ഷക്കണക്കിന് തീർത്ഥാടകർ കിസ്വയിൽ സ്പർശിക്കുകയും വലിക്കുകയും ചെയ്യുന്പോൾ കീറിപ്പോകാതിരിക്കുന്നതിനാണ് ഉയർത്തിക്കെട്ടുന്നതെന്ന് കിസ്വ നിർമ്മാണ ഫാക്ടറി ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുല്ല ബാജോദ പറഞ്ഞു.ചില തീർത്ഥാടകർ കിസ്വയുടെ ഭാഗം കീറിയെടുക്കാറുണ്ട്. കിസ്വയുടെ കഷ്ണം സൂക്ഷിക്കുന്നതും ചുംബിക്കുന്നതും ആരാധനകളല്ല. ഇതെല്ലാം പരിഗണിച്ചാ
ണ് ഹജ്ജ് കാലത്ത് കിസ്വ ഉയർത്തിക്കെട്ടുന്നത്. തീർത്ഥാടനകാലം അവസാനിക്കുന്നതോടെ കിസ്വ താഴ്ത്തുമെന്നും ഡോ. മുഹമ്മദ് ബിൻ അബ്ദുല്ല ബാജോദ പറഞ്ഞു.
എല്ലാ വർഷവും ബലിപെരുന്നാളിന് തലേദിവസം പുതിയ കിസ്വ സ്ഥാപിക്കും. തീർത്ഥാടകർ ഹജ്ജിന്റെ സുപ്രധാനകർമ്മമായ അറഫസംഗമത്തിലായതിനാൽ മസ്ജിദുൽ ഹറമിൽ തിരക്കുണ്ടാവില്ല. അതുകൊണ്ടാണ് കിസ്വ മാറ്റാൻ ഈ ദിവസം തിരഞ്ഞെടുക്കുന്നത്. പുതിയ കിസ്വയുടെ നിർമാണം മക്കയിലെ ഉമ്മുൽ ജൂദിലെ കിസ്വ ഫാക്ടറിയിൽ പൂർത്തിയായി. കറുത്ത പട്ടുതുണി ഉപയോഗിച്ചാണിത് നിർമ്മിക്കുന്നത്. ഇതിൽ സ്വർണം, വെള്ളി നൂലുകൾ ഉപയോഗിച്ച് ഖുർആൻ സൂക്തങ്ങൾ ആലേഖനം ചെയ്ത് അലങ്കരിക്കും.

