ഭക്ഷ്യസംസ്‌കരണ മേ­ഖലയിൽ ഇന്ത്യ-യു.­എ.ഇ സഹകരണം ശക്തമാക്കുന്നു


അബുദാബി : ഭക്ഷ്യ സംസ്കരണ മേഖലയിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യ യു.എ.ഇ തീരുമാനം. യു.എ.ഇയിൽ സന്ദർശനം നടത്തിയ കേന്ദ്ര ഭക്ഷ്യ സംസ്‌കരണ സഹമന്ത്രി സാധ്വി നിരഞ്‌ജൻ ജ്യോതി യു.എ.ഇയിലെ സാന്പത്തിക, വ്യവസായ, കയറ്റുമതി മേഖലകളിലെ പ്രമുഖരുമായി നടത്തിയകൂടിക്കാഴ്‌ചയിൽ ഇതുസംബന്ധിച്ചു ധാരണയിലെത്തി. ഭക്ഷ്യസംസ്‌കരണ മേഖലകളിലടക്കം ഉണ്ടാകുന്ന കൂടുതൽ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ ഇരുരാജ്യങ്ങളും സഹകരിക്കും. 

കയറ്റുമതിരംഗത്തും അനുബന്ധ മേഖലകളിലും ഇതു കുതിപ്പുണ്ടാക്കുമെന്നാണു യു.എ.ഇയുടെ പ്രതീക്ഷ. ന്യൂഡൽഹിയിൽ നവംബർ മൂന്നുമുതൽ അഞ്ചുവരെ നടക്കുന്ന ‘വേൾഡ് ഫുഡ് ഇന്ത്യ 2017’ മേളയുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ സന്ദർശനം. ദുബൈ ഇക്കോണമി, ദുബൈ എക്‌സ്‌പോർട്‌സ്, കൊമേഴ്‌സ്യൽ കംപ്ലയൻസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്‌ഷൻ മേധാവികളും കയറ്റുമതി രംഗത്തെ പ്രമുഖരും കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു. 

ലോകത്ത് അതിവേഗം വളർച്ച കൈവരിക്കുന്ന സന്പദ്‌ഘടനയുള്ള  രാജ്യമാണ് ഇന്ത്യയെന്നും ഓരോ മേഖലയിലെയും മുന്നേറ്റം വാണിജ്യ വ്യവസായ രംഗങ്ങളിലടക്കം പ്രതിഫലിക്കുമെന്നും ദുബൈ എക്‌സ്‌പോർട്‌സ് ഡെപ്യൂട്ടി സി.ഇ.ഒ മുഹമ്മദ് അലി അൽ കമാലി പറഞ്ഞു. ഭക്ഷ്യോൽപാദനത്തിലും കാർഷിക മേഖലയിലും വൻ പുരോഗതി കൈവരിക്കുന്ന രാജ്യമായി ഇന്ത്യ മാറി. ഇരുരാജ്യങ്ങളും തമ്മിൽ ഊഷ്‌മളബന്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ യു.എ.ഇയിലെ കയറ്റുമതി മേഖലയ്‌ക്കും വലിയ നേട്ടമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടി. 

ദുബൈയിൽ നിന്ന് ഇന്ത്യയിലേക്കുള്ള  കയറ്റുമതി കൂട്ടുന്നതിൽ ദുബൈ എക്‌സ്‌പോർട്‌സിന്റെ ഇന്ത്യയിലെ ഓഫീസ് പ്രധാന പങ്കുവഹിക്കുന്നതായി പ്രതിനിധികൾ പറഞ്ഞു. വിവിധ ഉൽപ്പന്നങ്ങളുടെ നിലവാരത്തെക്കുറിച്ച് ഉപയോക്താക്കൾക്ക് അവബോധം നൽകാനും കഴിയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള  ബന്ധം ഇതരരാജ്യങ്ങളിലേക്കുള്ള  കയറ്റുമതിയിലും ആശാവഹമായ മാറ്റമുണ്ടാക്കും. ഇന്ത്യൻ സംഘത്തിന്റെ സന്ദർശനം യു.എ.ഇയുടെ വ്യാപാര വാണിജ്യ മേഖലകളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതായും വ്യക്തമാക്കി. 

യു.എ.ഇയുടെ ഏറ്റവും പ്രധാന വിപണികളിലൊന്നാണ് ഇന്ത്യയെന്ന് ദുബൈ ഇക്കോണമി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അലി ഇബ്രാഹിം പറഞ്ഞു. 2019 വരെ ഇന്ത്യയുടെ സാന്പത്തിക വളർച്ച 6.7% എന്ന തോതിൽ ആയിരിക്കുമെന്നാണ് ദി ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡവലപ്‌മെന്റ്(ഒ.ഇ.സി.ഡി) റിപ്പോർട്ട്. വിശാലമായ ഭൂപ്രദേശങ്ങളും വൈവിധ്യമാർന്ന രുചിക്കൂട്ടുകളും ഇന്ത്യയെ വ്യത്യസ്‌തമാക്കുന്നതായും ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഭക്ഷ്യസംസ്‌കരണ വ്യവസായ മേഖലയിൽ അടുത്ത മൂന്നു വർഷത്തിനുള്ളിൽ 6000 കോടി രൂപയുടെ വിദേശ നിക്ഷേപമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി സാധ്വി നിരഞ്‌ജൻ ജ്യോതി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed