ഏവിയേഷൻ നിയമങ്ങൾ ലംഘിച്ചു; വിമാനക്കമ്പനികൾക്ക് വൻ തിരിച്ചടി, 28 ലക്ഷം റിയാൽ പിഴചുമത്തി സൗദി

ജിദ്ദ:
രാജ്യത്ത് നിലവിലുള്ള സിവിൽ ഏവിയേഷൻ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിനെത്തുടർന്ന് വിമാനക്കമ്പനികൾക്ക് എതിരെ കർശന നടപടികളുമായി സൗദി അറേബ്യ. കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ 2.8 ദശലക്ഷം സൗദി റിയാൽ പിഴയായി ചുമത്തി. നിയമലംഘനങ്ങൾക്കെതിരെ തുടർ നടപടികൾ സ്വീകരിച്ചതായും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.
2025 ലെ രണ്ടാം പാദത്തിൽ സിവിൽ ഏവിയേഷൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് കർശന നടപടികൾ സ്വീകരിച്ചതായി അറിയിച്ചത്. 87 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. അതിൽ 63 നിയമലംഘനങ്ങൾ വിമാനക്കമ്പനികളുടെ ഭാഗത്ത് നിന്ന് ഉണ്ടായതാണ്. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വീഴ്ച്ച വരുത്തിയതിനാണ് വിമാന കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചത്. 1.9 ദശലക്ഷത്തിലധികം റിയാൽ ആണ് ഈ കുറ്റത്തിന് കമ്പനികൾ അടക്കേണ്ടി വരുക.
ഇതിന് പുറമെ , യാത്രക്കാർക്ക് ആവശ്യമായ രേഖകൾ ഉണ്ടോയെന്ന് പരിശോധിക്കുന്നതിൽ വീഴ്ച വരുത്തിയതിനും, അംഗീകൃത സമയക്രമങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട 13 നിയമലംഘനകൾ കണ്ടെത്തുകയും വിമാനക്കമ്പനികൾക്ക് 70,000 റിയാൽ പിഴചുമത്തുകയും ചെയ്തു. വ്യോമയാന മേഖലയിൽ സുതാര്യത കൈവരിക്കുന്നതിനും, യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനും, വ്യോമഗതാഗത സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന്റെയും അടിസ്ഥാനത്തിലാണ് ഈ നടപടികളെന്ന് അധികൃതർ വ്യക്തമാക്കി.
aaa