വിദേശ സർവകലാശാലകൾ ഖത്തറിൽ ക്യാംപസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകൾ കരട് നിയമം ഉടൻ; ആശങ്കയോടെ ഇന്ത്യൻ സർവ്വകലാശാലകൾ


വിദേശ സർവകലാശാലകൾ ഖത്തറിൽ ക്യാംപസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകൾ ഉൾപ്പെടുന്ന കരട് നിയമം ഉടൻവരും. വ്യവസ്ഥകൾ പ്രകാരം രാജ്യാന്തര പ്രശസ്തമായ 3 സർവകലാശാലാ റാങ്കിങ് പട്ടികകളിൽ ആദ്യ മുന്നൂറിൽ ഇടം നേടിയ സർവകലാശാലകൾക്ക് മാത്രമാണ് ക്യാംപസ് തുടങ്ങാൻ അനുമതിയെന്ന്  ഉന്നത വിദ്യാഭ്യാസ വിഭാഗം ആക്ടിങ് അസി. അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അൽ അലി വിശദമാക്കി.

രാജ്യാന്തര തലത്തിലെ പ്രധാനപ്പെട്ട ടൈംസ് ഹയർ എജ്യുക്കേഷൻ വേൾഡ് യൂണിവേഴ്‌സിറ്റി, ദി ക്യൂഎസ് ക്ലാസിഫിക്കേഷൻ, ദി ഷാങ്ഹായ് ജിയാവോ ടോങ് ക്ലാസിഫിക്കേഷൻ എന്നിവയിൽ ഏതെങ്കിലുമൊരു സർവകലാശാലാ റാങ്കിങ്ങിൽ ആദ്യ മുന്നൂറിൽ ഇടം നേടിയിരിക്കണമെന്നതാണ് പുതിയ വ്യവസ്ഥ. നിക്ഷേപകൻ അല്ലെങ്കിൽ സ്വദേശി പങ്കാളി  മുഖേന ക്യാംപസ് തുടങ്ങാൻ അപേക്ഷ നൽകാം. മാതൃ സർവകലാശാലയുടെ സമാന കോഴ്‌സുകളും സർട്ടിഫിക്കറ്റും നിബന്ധനകളും മാനദണ്ഡങ്ങളും ആയിരിക്കണം പുതിയ ക്യാംപസിലും.

അതേസമയം ഇന്ത്യൻ സർവകലാശാലകൾക്ക്  ക്യാംപസ് തുടങ്ങാൻ ബുദ്ധിമുട്ടേണ്ടിവരും. നിലവിൽ ഇന്ത്യയുടെ പുണെ സാവിത്രിഭായ് സർവകലാശാലയുടെ ക്യാംപസ് മാത്രമാണ് ഖത്തറിൽ പ്രവർത്തിക്കുന്നത്. ടൈംസ് ഹയർ എജ്യൂക്കേഷൻ യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മാത്രമാണ് ഇടം നേടിയിരിക്കുന്നത്. പട്ടികയിൽ 251 ആണ് സർവകലാശാലയുടെ സ്ഥാനം. മൈസൂരുവിലെ ജെഎസ്എസ് അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച് 351ആം സ്ഥാനത്താണ്.

കേരളത്തിൽ നിന്നുള്ള  എംജി സർവകലാശാല 401ആം സ്ഥാനത്തും. എംജി സർവകലാശാല പുതിയ ക്യാംപസ് തുടങ്ങാനുള്ള ശ്രമങ്ങൾ ഫിഫ ലോകകപ്പിന് മുൻപേ തുടങ്ങിയിരുന്നു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ എംജിക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. അതേസമയം ഐഐടികൾക്ക് പുതിയ വ്യവസ്ഥകൾ കൂടുതൽ പ്രതീക്ഷ നൽകുന്നു. ക്യൂഎസ് ക്ലാസിഫിക്കേഷൻ പട്ടികയിൽ ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് 155−ാമതും മുംബൈ ഐഐടി ബി 172ആമതും ന്യൂഡൽഹി ഐഐടി 174ആം സ്ഥാനത്തുമാണ്.

article-image

cgn

You might also like

  • Lulu Exchange
  • Straight Forward

Most Viewed