മുന്‍കൂര്‍ അനുമതി ഇല്ലാതെ വാഹനങ്ങളുടെ നിറം മാറ്റുന്നത് ശിക്ഷാര്‍ഹമെന്ന് ഖത്തർ
മുന്‍കൂര്‍ അനുമതി ഇല്ലാതെ വാഹനങ്ങളുടെ നിറം മാറ്റുന്നത് ശിക്ഷാര്‍ഹമാണെന്ന് മുന്നറിയിപ്പ് നല്‍കി ഖത്തര്‍. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് 1,500 റിയാല്‍ പിഴ നല്‍കേണ്ടി വരുമെന്ന് ഖത്തര്‍ മുന്നറിയിപ്പ് നല്‍കി. വാഹനങ്ങളില്‍ ഏതു തരം മാറ്റം വരുത്തണമെങ്കിലും ഗതാഗത വകുപ്പിലെ ബന്ധപ്പെട്ട അധികൃതരുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് നിര്‍ദ്ദേശം. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളുടെ ആകൃതി മാറ്റിയാലും നിയമലംഘനമായി കണക്കാക്കും. അംഗീകൃത ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുക, റജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ ഓടിക്കുക, ലൈസന്‍സില്ലാത്തവര്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കുക തുടങ്ങിയവയും കുറ്റകരമാണ്. മദ്യപിച്ച് വാഹനം ഓടിക്കല്‍, അപകടമുണ്ടാക്കി ഓടി രക്ഷപ്പെടല്‍ അല്ലെങ്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ക്കും കര്‍ശന ശിക്ഷ ലഭിക്കും. ഗതാഗത ബോധവല്‍ക്കരണ വകുപ്പും പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന് നടത്തിയ ബോധവല്‍ക്കരണ വെബിനാറില്‍ സംസാരിക്കവെ ഗതാഗത ബോധവല്‍ക്കരണ വകുപ്പിലെ ക്യാപ്റ്റന്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഖുവാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റോഡുകളുടെ നിര്‍മാണത്തിനിടെ മുന്നറിയിപ്പ്, ജാഗ്രതാ ബോര്‍ഡുകള്‍ സ്ഥാപിക്കാതിരിക്കുക, റോഡ് നിര്‍മാണ ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കാതിരിക്കുക തുടങ്ങിയവയ്ക്കും ശിക്ഷ ലഭിക്കും.

