ചെന്നൈ കോർപ്പറേഷനിൽ ആദ്യ ദലിത് വനിതാ മേയർ


ദക്ഷിണേന്ത്യയിലെ വൻനഗരമായ ചെന്നൈ കോർപ്പറേഷനിൽ ആദ്യ ദലിത് വനിതാ മേയർ. 28കാരിയും എംകോം ബിരുദദാരിയുമായ പ്രിയാ രാജനെയാണ് പുതിയ മേയറായി ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) തിരഞ്ഞെടുത്തിരിക്കുന്നത്. ഇപ്പോഴത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യനുമൊക്കെയിരുന്ന സുപ്രധാന പദവിയിലാണ് പ്രിയയെത്തുന്നത്. ഇതിനുമുമ്പ് രണ്ടു വനിതകൾ മാത്രമാണ് കോർപ്പറേഷന്റെ തലപ്പത്തിരുന്നിട്ടുള്ളത്. താരാ ചെറിയാൻ, കാമാക്ഷി ജയരാമൻ എന്നിവരാണ് മുമ്പ് മേയറായിരുന്ന വനിതകൾ. നോർത്ത് ചെന്നൈയിലെ തിരു.വി.കാ നഗറിൽനിന്നുള്ള പ്രിയ 74ാം വാർഡിൽ നിന്നാണ് വിജയിച്ചത്. 

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 1296 ഭരണസ്ഥാനങ്ങളിലേക്ക് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഡിഎംകെ തങ്ങളുടെ പ്രതിനിധികളെ നിർദേശിച്ചത്. 169ാം വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മഹേഷ് കുമാറാണ് ഡെപ്യൂട്ടി മേയറായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഗ്രെയിറ്റർ ചെന്നൈ കോർപ്പറേഷനടക്കം 21 മുനിസിപ്പൽ കോർപ്പറേഷനുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഡിഎംകെ നേടിയിരുന്നത്. 138 മുനിസിപ്പാലിറ്റികളും 490 ടൗൺ പഞ്ചായത്തുകളും പാർട്ടിയുടെ ഭരണത്തിന്റെ കീഴിലായിരുന്നു. കോർപ്പറേഷനുകളിൽ 952 വാർഡുകളും മുനിസിപ്പാലിറ്റികളിൽ 2360 വാർഡുകളും ഡിഎംകെ നേടിയിരുന്നു. ടൗൺപഞ്ചായത്തുകളിൽ 4389 വാർഡുകളാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ പാർട്ടി കയ്യിലാക്കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed