പ്രവാസികൾക്ക് ഖത്തറിലേക്ക് മടങ്ങാം: വിമാന സർവ്വീസിന് ഇരുരാജ്യങ്ങളും തമ്മിൽ ധരണ
ദോഹ: കോവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ഖത്തറിലേക്ക് തിരിച്ചു വരാനുള്ള പ്രത്യേക വിമാന സർവ്വീസിന് ഇന്ത്യയും ഖത്തറും തമ്മിൽ എയർ ബബിൾ ധാരണയിലെത്തി. ഇതനുസരിച്ച് ഖത്തർ എയർവെയ്സിനും ഇന്ത്യൻ വിമാന കന്പനികൾക്കും പരസ്പരം യാത്രക്കാരെ കൊണ്ടുപോകാനാവും.
ആഗസ്ത് 18 മുതലാണ് കരാർ നിലവിൽ വരിക. ഇന്ത്യൻ സിവിൽ ഏവിയേഷൻ ജനറൽ ഡയറക്ടറേറ്റാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഈ മാസം 18 മുതൽ 31 വരെയാണ് വിമാന സർവ്വീസുകൾക്ക് ധാരണ.
ഉത്തരവ് പ്രകാരം ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രതിവാര സർവ്വീസുകളിൽ ഖത്തർ എയർവെയ്സിനും ഇന്ത്യൻ വിമാനക്കന്പനികൾക്കും സീറ്റുകൾ തുല്യമായി വീതിച്ചു നൽകും. ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുടെ അനുമതിക്ക് വിധേയമായി ആയിരിക്കും സർവ്വീസ്. ഇന്ത്യയിൽ നിന്നുള്ള സർവ്വീസുകളിൽ ഖത്തർ പൗരന്മാർ, ഖത്തർ വിസയുള്ള ഇന്ത്യക്കാർ എന്നിവർക്ക് വരാൻ അനുമതിയുണ്ടാവും. എന്നാൽ, ഇന്ത്യക്കാർക്ക് തിരിച്ചുവരുന്നതിന് ഖത്തർ പോർട്ടൽ രജിസ്ട്രേഷൻ, ക്വാറന്റീൻ ബുക്കിങ് തുടങ്ങിയ നിബന്ധനകൾ ബാധകമായിരിക്കും.

