മധ്യപൂർവ്‍വ മേഖലയിൽ കുറ്റകൃത്യ നിരക്ക് കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ഒന്നാമത്
ദോഹ : കുറ്റകൃത്യ നിരക്ക് കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ മധ്യപൂർവ്‍വ മേഖലയില ഖത്തറിന് ഒന്നാം സ്ഥാനം. നുംബിയോയുടെ ആഗോള കുറ്റകൃത്യ സൂചികയുടെ പുതിയ കണക്ക് പ്രകാരം ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കിൽ മധ്യപൂർവ്‍വ മേഖലയിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ ഏഴാം സ്ഥാനവുമാണ് ഖത്തറിന്.
രാജ്യത്തിന്റെ ആഗോള സുരക്ഷാ സ്റ്റാറ്റസാണ് ഇതിലൂടെപ്രതിഫലിക്കുന്നതെന്ന് വികസനാസൂത്രണ കണക്കെടുപ്പ് മന്ത്രാലയം വ്യക്തമാക്കി. കുറ്റകൃത്യങ്ങളുടെ നിരക്ക് സംബന്ധിച്ചുള്ള വർക്ക്‌ഷോപ്പിനിടെ മന്ത്രാലയത്തിലെ ജനസംഖ്യാസാമൂഹിക കണക്കെടുപ്പ് വകുപ്പ് ഡയറക്ടർ മുഹമ്മദ് അൽ മുഹന്നദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആഗോള സമാധാന സൂചികയിൽ തുടർച്ചയായ ഒന്പതാം വർഷവും മധ്യപൂർവ്‍വ വടക്കൻ ആഫ്രിക്കൻ (മിന) മേഖലയിൽ ഖത്തർ മുന്‍നിരയിലാണ്. ലണ്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ്പീസിന്റെ 163 രാജ്യങ്ങളുടെ പട്ടികയിൽ മുപ്പതാം സ്ഥാനത്തുമാണ്. സമാധാന സൂചികയിൽ 2009 മുതൽ 2017 വരെ മിനയിൽ ഖത്തർ ഒന്നാം സ്ഥാനം നിലനിർത്തുന്നുണ്ട്. ലോകത്തിലെ 24 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനവും ഖത്തറിനാണെന്ന് കഴിഞ്ഞവർഷം സ്വിസ് ഗോൾഡൻ വിസ സ്ഥാപനം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ കൃത്യമായ കണക്കുകൾ തയ്യാറാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് വർക്ക് ഷോപ്പ് നടത്തിയത്.


