റഡാർ ക്യാമറ നിരീക്ഷണം ശക്തമാക്കി : ഖത്തറിൽ ഗതാഗത നിയമലംഘനം 31.7% കുറഞ്ഞു
ദോഹ : ഖത്തറിലെ ഗതാഗത നിയമലംഘനങ്ങൾ 31.7% കുറഞ്ഞു. റോഡുകളിലെ റഡാർ ക്യാമറ നിരീക്ഷണം ശക്തമാക്കുകയും ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് സുരക്ഷാ ബോധവൽക്കരണം ഊർജ്ജിതമാക്കുകയും ചെയ്തതോടെയാണ് നിയമ ലംഘനങ്ങളിൽ കുറവുണ്ടായത്.
ഈ സപ്തംബറിൽ വരെ 99,135 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. 1,30,560 നിയമലംഘനങ്ങളാണ് കഴിഞ്ഞ സപ്തംബറിൽ രജിസ്റ്റർ ചെയ്തത്. റോഡപകടങ്ങൾക്കു 417 കേസുകളും രജിസ്റ്റർ ചെയ്തു. ചുവപ്പ് സിഗ്നൽ മറികടന്നത് 8652 വാഹനങ്ങളാണ്. 6000 റിയാലാണ് ഇതിനുള്ള പിഴ. റഡാറുകളിൽ പതിഞ്ഞത് 53,600 നിയമലംഘനങ്ങളാണ്.
ട്രാഫിക് പോലീസിന്റെ നിർദ്ദേശങ്ങൾ ലംഘിച്ചതിന് 9200 കേസുകളും രജിസ്റ്റർ ചെയ്തു. 6500 പേർക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകി. 74,400 വാഹന ഇടപാടുകളാണ് സപ്തംബറിൽ നടന്നത്. ഉടമാവകാശം മാറ്റൽ, റജിസ്ട്രേഷൻ പുതുക്കലും റദ്ദാക്കലും എല്ലാം ഇതിൽപ്പെടുന്നു.
4100 പുതിയ വാഹനങ്ങളാണ് സപ്തംബറിൽ രജിസ്റ്റർ ചെയ്തത്. ഖത്തറിൽ 2016 ൽ വാഹനാപകടങ്ങളിൽ മരണ മടഞ്ഞത് 178 പേരാണ്. 2015ൽ 227 പേരാണ് മരിച്ചത്. 7.8% കുറവ്. 2022 ആകുന്പോൾ വാഹനാപകട മരണങ്ങൾ 130 ആയി കുറയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് ഗതാഗത വിഭാഗം.


