അർഹതയുള്ള മുഴുവൻ കർഷകർക്കും രണ്ട് വർഷത്തിനകം പട്ടയം : മുഖ്യമന്ത്രി
ചെറുതോണി : പെരിഞ്ചാംകുട്ടി പദ്ധതിപ്രദേശം ഉൾപ്പെടെ ഇടുക്കി ജില്ലയിൽ അർഹതയുള്ള മുഴുവൻ കർഷകർക്കും രണ്ട് വർഷത്തിനുള്ളിൽ സമയബന്ധിതമായി പട്ടയം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തങ്കമണി സഹകരണ ബാങ്ക് അന്പലമേട്ടിൽ നിർമ്മാണം പൂർത്തിയാക്കിയ തേയില ഫാക്ടറിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
നടപടികൾ റവന്യു വകുപ്പ് ഊർജിതമാക്കിക്കഴിഞ്ഞു. അർഹതയുള്ള എല്ലാവർക്കും പട്ടയം നൽകുകയാണ് സർക്കാർ നയം. തേയില കാർഷിക മേഖലയിൽ വൻകിടക്കാരും, ചെറുകിട കർഷകരുമായുള്ള മത്സരം നിലനിൽക്കുകയാണ്. പുതിയ തേയില ഫാക്ടറികൾ സ്ഥാപിച്ചെങ്കിൽ മാത്രമേ ചെറുകിട കർഷകർക്ക് കൃഷി ഗുണകരമാവുകയുള്ളൂ. കൂടുതൽ ഫാക്ടറികൾ സ്ഥാപിക്കുന്നതിനു സർക്കാർ സഹായം നൽകുന്നതു പരിഗണനയിൽ ഉണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചടങ്ങിൽ മന്ത്രി എം.എം മണി അദ്ധ്യക്ഷനായിരുന്നു. ജോയ്സ് ജോർജ് എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, സഹകരണ ബാങ്ക് പ്രസിഡണ്ട് റോമിയോ സെബാസ്റ്റ്യൻ, കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം സി.വി.വർഗീസ്, കലക്ടർ ജി.ആർ ഗോകുൽ, വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.


