2023ഓടെ യു.എസിൽ നിന്ന് ഖത്തർ എൽ.എൻ.ജി കയറ്റുമതി ആരംഭിക്കും
ദോഹ : 2023ഓടെ യു.എസിലുള്ള ഖത്തറിന്റെ ഗോൾഡൻ പാസ് ദ്രവീകൃത പ്രകൃതിവാതക (എൽ.എൻ.ജി) ടെർമിനലിൽ നിന്ന് വാതക കയറ്റുമതി ആരംഭിക്കുമെന്ന് മുൻ ഊർജമന്ത്രിയും അന്താരാഷ്ട്ര ഊർജ, സുസ്ഥിര വികസന ഫൗണ്ടേഷൻ ചെയർമാനുമായ അബ്ദുല്ല ബിൻ ഹമദ് അൽ അത്തിയ വ്യക്തമാക്കി.
ഗോൾഡൻ പാസ് ടെർമിനലിൽ നിന്ന് ഏകദേശം ഒന്നരക്കോടി ടൺ എൽ.എൻ.ജിയാണ് കയറ്റുമതി ചെയ്യാൻ ലക്ഷ്യമിടുന്നത്. ലാറ്റിനമേരിക്കയിലെ ഉപഭോക്താക്കൾക്കായാണ് ഗോൾഡൻ പാസ് ടെർമിനലിലെ എൽ.എൻ.ജി ഉപയോഗിക്കുന്നതെന്നും ജോർജ് ടൗൺ സർവകലാശാലയിൽ നടന്ന ചടങ്ങിൽ അൽ അത്തിയ പറഞ്ഞു. ഖത്തർ പെട്രോളിയത്തിന്റെയും എക്‌സോൺ മൊബീലിന്റെയും ഉടമസ്ഥതയിലാണ് എൽ.എൻ.ജി കയറ്റുമതി പദ്ധതിയുടെ ഗോൾഡൻ പാസ് പ്രൊഡക്ട്‌സ്.
നോർത്ത് സീയിലെ എൽ.എൻ.ജി ഉൽപ്പാദനം സാവധാനത്തിൽ വർദ്ധിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കും. ഇതിനായി ലൈസൻസ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളും നിശ്ചയിച്ചതു പ്രകാരം പ്രാവർത്തികമായാൽ 2023ഓടെ ഗോൾഡൻ പാസിൽ നിന്ന് ആദ്യത്തെ കാർഗോ കയറ്റുമതി ചെയ്യും. നിലവിൽ ഗോൾഡൻ പാസ് എൽ.എൻ.ജി ടെർമിനൽ ഇറക്കുമതി ടെർമിനലാണ്. പ്രതിവർഷം 1.56 കോടി ടൺ എൽ.എൻ.ജി ഉത്പാദന ശേഷിയുള്ള മൂന്ന് ലിക്വിഫാക്ഷൻ ട്രെയിനുകൾ കൂടി ചേർക്കും. ഗോൾഡൻ പാസ് പ്രൊഡക്ട്‌സിന് യു.എസ് ഊർജ വകുപ്പിൽ നിന്നും ഇതര സ്വതന്ത്രവ്യാപാര കരാർ രാജ്യങ്ങളിലേക്ക് എൽ.എൻ.ജി. കയറ്റുമതി ചെയ്യാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


