ബഹ്‌റൈനിലെ ഖത്തർ സൈനികർക്ക് നേരെ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് ദോഹ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ദോഹ: ബഹ്‌റൈനിൽ ഖത്തർ നാവികസേനാംഗങ്ങൾ താമസിച്ചിരുന്ന കെട്ടിടങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. അയൽരാജ്യങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും മേഖലയിലെ സമാധാനശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ബഹ്‌റൈനിലെ സൈനിക സഹകരണത്തിന്റെ ഭാഗമായി അവിടെ നിലയുറപ്പിച്ചിരുന്ന നാവികസേനാംഗങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് ഖത്തർ അറിയിച്ചു. ആക്രമണത്തിൽ കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. സംഭവത്തെത്തുടർന്ന് മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ ഖത്തർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് നടന്നതെന്നും ഇത്തരം പ്രകോപനപരമായ നീക്കങ്ങളിൽ നിന്ന് ഇറാൻ പിന്തിരിയണമെന്നും ഖത്തർ ആവശ്യപ്പെട്ടു. ആക്രമണത്തിന് ഇരയായ സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ബഹ്‌റൈൻ അധികൃതരുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ദോഹ വ്യക്തമാക്കി.
aswdwdaes


