വാട്ട്‌സ്ആപ്പിലൂടെ നിയമസേവനങ്ങൾ ലഭ്യമാക്കി ഖത്തർ

ഷീബ വിജയൻ
ദോഹ I ജുഡീഷ്യൽ സംവിധാനം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സുപ്രീം ജുഡീഷ്യൽ കൗൺസിൽ (എസ്.ജെ.സി) പുതുതായി തുടക്കമിട്ട വാട്സ്ആപ് അധിഷ്ഠിത നിയമ സേവനം ജനശ്രദ്ധ നേടുന്നു. വാട്സ്ആപ് വഴി ലഭ്യമാകുന്ന വിവിധങ്ങളായ നിയമ സേവനങ്ങൾ, ഉടനടിയുള്ള പ്രതികരണം, ഉപഭോക്തൃ സൗഹൃദ സ്വഭാവവുമാണ് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയത്. റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ‘വെർച്വൽ എംപ്ലായി’ സഹായത്തോടെയാണ് സുപ്രീം ജുഡീഷ്യൽ കൗൺസിൽ വാട്സ്ആപ് വഴി പുതിയ ഡിജിറ്റൽ സേവനങ്ങൾ ആരംഭിച്ചത്. വാട്സ്ആപ് വഴി ഉപയോക്താക്കളുടെ ആവശ്യങ്ങളോട് വെർച്വൽ എംപ്ലോയി തത്സമയം പ്രതികരിക്കുന്നു. നിയമപരമായ മെമ്മോകൾ ഫയൽ ചെയ്യുക, കേസ് സ്റ്റാറ്റസ് പരിശോധിക്കുക, വിധിന്യായങ്ങളുടെ പകർപ്പുകൾ നേടുക, അടുത്ത ഹിയറിങ് തീയതി കണ്ടെത്തുക തുടങ്ങിയ സേവനങ്ങൾ ഉപയോക്താക്കൾക്ക് ഇതുവഴി ലഭ്യമാണ്. ലോകത്ത് എവിടെനിന്നും ജുഡീഷ്യൽ സേവനങ്ങൾ ഈ പ്ലാറ്റ്‌ഫോമിലൂടെ ലഭിക്കുന്നു.
ഖത്തറിലും വിദേശത്തുമുള്ള എല്ലാ ഉപയോക്താക്കൾക്കും വളരെ എളുപ്പത്തിൽ മികച്ചതും വേഗമേറിയതും നീതി ലഭ്യമാക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോമാണിത്. ഉപയോക്താവിന്റെ ലിങ്ക് ചെയ്ത ഫോൺ നമ്പർ ഉപയോഗിച്ച് 44597777 എന്ന വാട്സ്ആപ് നമ്പറിലൂടെ ഈ സേവനങ്ങൾ ലഭ്യമാണ്.
ASDSSDDS