പ്രകൃതിവാതക ഉല്‍പാദനത്തില്‍ ഖത്തറിന്റെ കുതിപ്പ് അതിവേഗം

ഷീബ വിജയൻ
ദോഹ I പ്രകൃതിവാതക ഉല്‍പാദനത്തില്‍ മേഖലയിൽ ഖത്തർ ഒന്നാമതാകുമെന്ന് റിപ്പോർട്ട്. ഊര്‍ജമേഖലയിലെ റിസര്‍ച് സ്ഥാപനമായ റിസ്റ്റാഡിന്റെ പഠനങ്ങള്‍ പ്രകാരം അടുത്ത അഞ്ചു വര്‍ഷംകൊണ്ട് ഖത്തര്‍ വന്‍കരയിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക ഉല്‍പാദകരാകും. 2024ല്‍ 77.23 മെട്രിക് ടണ്‍ എല്‍.എന്‍.ജിയാണ് ഖത്തര്‍ ഉല്‍പാദിപ്പിച്ചത്. നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ്, നോര്‍ത്ത് ഫീല്‍ഡ് സൗത്ത് പദ്ധതികളില്‍നിന്ന് പൂര്‍ണ തോതിലുള്ള ഉല്‍പാദനം സാധ്യമാകുന്നതോടെ 2027ല്‍ ഇത് 126 മെട്രിക് ടണ്ണാകും, കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച നോര്‍ത്ത് ഫീല്‍ഡ് വെസ്റ്റില്‍നിന്ന് 2030ല്‍ ഉല്‍പാദനം തുടങ്ങും. ഇതോടെ ഉല്‍പാദനം ഇപ്പോഴുള്ളതിന്റെ ഇരട്ടിയോളം വര്‍ധിച്ച് 142 മെട്രിക് ടണ്ണിലെത്തും. നിലവില്‍ 16 ബില്യണ്‍ ക്യുബിക് അടിയാണ് ഖത്തറിന്റെ പ്രതിദിന ഉല്‍പാദനം, ഇറാന്റേത് 25 ബില്യണ്‍ ക്യുബിക് അടിയും. നിലവില്‍ ആസൂത്രണം ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ പൂർത്തിയാകുന്നതോടെ ഖത്തർ ഇറാനെ മറികടക്കും.
ആഗോള പ്രകൃതി വാതക കയറ്റുമതിയില്‍ 18.8 ശതമാനം ഖത്തറിന്റെ സംഭാവനയാണ്. യുക്രെയ്ന്‍ യുദ്ധത്തോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍നിന്നുള്ള പ്രകൃതി വാതകം വാങ്ങുന്നത് നിര്‍ത്തിയിരുന്നു. ഇതോടെ ഖത്തറിന്റെ എല്‍.എന്‍.ജിക്കുള്ള ആവശ്യകത കൂടി. ചൈനയാണ് ഖത്തറിന്റെ പ്രധാന വിപണി. ഇന്ത്യയടക്കമുള്ള ഇതര ഏഷ്യന്‍ രാജ്യങ്ങളിലേക്കും ഖത്തര്‍ പ്രകൃതി വാതകം വിതരണം ചെയ്യുന്നുണ്ട്. ഈ വര്‍ഷാവസാനത്തോടെ ഇതര ഏഷ്യന്‍ രാജ്യങ്ങളെല്ലാം ചേര്‍ന്ന് ഉല്‍പാദിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ എല്‍.എന്‍.ജി മിഡിൽ ഈസ്റ്റില്‍നിന്ന് ഉല്‍പാദിപ്പിക്കുമെന്നും റിസ്റ്റാഡ് എനര്‍ജിയുടെ പഠനം പറയുന്നു. അതേസമയം, എൽ.എൻ.ജി ഉൽപാദനത്തിന്റെ കരുത്തിൽ ഖത്തറിന്റെ സാമ്പത്തിക മേഖല കുതിക്കും. 2027ൽ സാമ്പത്തിക വളർച്ച 7.9 ശതമാനമായി ഉയരുമെന്ന് ഐ.എം.എഫ് പ്രവചിക്കുന്നു.
ZXSXASDSA