ഒമാൻ അതിർത്തികൾ നാളെ തുറക്കും
മസ്കത്ത്: പുതിയ വൈറസ് വകഭേദത്തെ കണ്ടെത്തിയതിനെ തുടർന്ന്, കഴിഞ്ഞ ഒരാഴ്ചയായി അടച്ചിട്ടിരിക്കുന്ന ഒമാന്റെ അന്താരാഷ്ട്ര അതിർത്തികൾ നാളെ മുതൽ തുറക്കും. ഒമാനിലെത്തുന്ന എല്ലാ യാത്രക്കാർക്കും ഒരാഴ്ചത്തെ ക്വാറന്റീൻ നിർബന്ധമായിരിക്കും. മുന്നൂറിലേറെ വിമാന സർവിസുകളാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ റദ്ദാക്കിയത്. എല്ലാ തരത്തിലുമുള്ള യാത്രാ മാർഗങ്ങൾ തുറക്കാനാണ് ഇന്നലെ നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചത്. മറ്റു വിദേശരാജ്യങ്ങളിൽനിന്ന് ഒമാനിലേക്ക് വരുന്നവർ യാത്രക്കുമുമ്പ് പി.സി.ആർ പരിശോധനക്ക് വിധേയരാകണമെന്ന നിബന്ധന പുനഃസ്ഥാപിച്ചിട്ടുണ്ട്.
ഒമാനിലെത്തുന്നതിന് 72 മണിക്കൂർ സമയ പരിധിക്കുള്ളിലാകണം പരിശോധന നടത്തേണ്ടത്. ഏഴു ദിവസത്തിൽ താഴെ സമയത്തേക്കുള്ള സന്ദർശനത്തിന് ക്വാറന്റീൻ നിബന്ധന ഒഴിവാക്കിയ നടപടിയും പിൻവലിച്ചിട്ടുണ്ട്. സർക്കാർ, സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ക്വാറന്റീൻ കാലാവധി ചികിത്സാവധിയായി കണക്കാക്കാൻ കഴിയില്ലെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
