ഒമാനിൽ ശന്പളവും വിസയുമില്ലാതെ കുടുങ്ങിയത് മലയാളികളടക്കം ഇരുന്നൂറോളം ഇന്ത്യക്കാർ

മസ്ക്കറ്റ്: കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്ന ഒമാനിൽ ദുരിതമനുഭവിക്കുകയാണ് മലയാളികളടക്കമുള്ള 200ഓളം ഇന്ത്യൻ തൊഴിലാളികൾ. ഒന്പത് മാസമായി ശന്പളമില്ലാതെ കഴിയുന്ന ഇവർക്ക് വിസാ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ ഒരു അസുഖം വന്നാൽപോലും ആശുപത്രിയിൽ പോകാനാവാത്ത അവസ്ഥയാണ്.
ഒമാൻ പൗരൻ്റെ ഉടമസ്ഥതയിലുള്ള ട്രേഡിംഗ് കന്പനിയിലെ 50 മലയാളികളടക്കം 200 ഇന്ത്യക്കാരാണ് 9 മാസമായി ശന്പളം കിട്ടാതെ വിഷമത്തിലായത്. 5 മുതൽ 22വർഷം വരെ ജോലിചെയ്ത തൊഴിലാളികൾ കൂട്ടത്തിലുണ്ട്. ശന്പള കുടിശ്ശികയും ആനുകൂല്യവുമടക്കം വൻതുകയാണ് ഇവർക്ക് കിട്ടാനുള്ളത്. ഇക്കാര്യമറിയിച്ച് ഒമാനിലെ ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
പലരുടേയും വിസാകാലവധി കഴിഞ്ഞ് രണ്ട് വർഷത്തിലേറെയായി. വേറെ ജോലി അന്വേഷിക്കാൻ പറ്റാത്ത അവസ്ഥ. നിയമ വിരുദ്ധമായി കഴിയുന്നതിനാൽ അസുഖം വന്നാൽ ആശുപത്രിയിൽപോകാൻ പോലും കഴിയില്ല. കൊവിഡ് പരിശോധന ആവശ്യപ്പെട്ടെങ്കിലും അധികൃതർ തിരിഞ്ഞു നോക്കിയില്ല.
മാസങ്ങളായി കാശ് കൊടുക്കാത്തതുകൊണ്ട് ഏതു നിമിഷവും ഭക്ഷണം നിന്നുപോയേക്കാമെന്നും ഇവർ ആശങ്കപ്പെടുന്നു. കൊവിഡ് ഭീതിയിൽ ലോകം സുരക്ഷിത അകലം പാലിച്ച് കഴിയുന്പോൾ വൃത്തിഹീനമായ സാഹചര്യത്തിൽ ഒറ്റമുറികളിൽ തിങ്ങിക്കഴിയുകയാണിവർ. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഇടപെടലിൽ മാത്രമാണ് ഇനി ഇവർക്ക് രക്ഷ.