ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: തന്ത്രി കണ്ഠരര് രാജീവരെ പ്രതിയാക്കും
ശാരിക / തിരുവനന്തപുരം
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരെ ദ്വാരപാലക ശില്പങ്ങൾ കടത്തിയ കേസിൽ കൂടി പ്രതിയാക്കാൻ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) തീരുമാനിച്ചു. ക്ഷേത്രത്തിലെ ദ്വാരപാലക ശില്പപാളികൾ പുറത്തേക്ക് കൊണ്ടുപോയത് തന്ത്രിയുടെ അറിവോടും അനുമതിയോടും കൂടിയാണെന്ന ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ. പത്മകുമാറിന്റെ മൊഴിയാണ് കേസിൽ നിർണ്ണായകമായത്.
തന്ത്രിയെ പ്രതിയാക്കുന്നതിനായി അന്വേഷണസംഘം കോടതിയുടെ അനുമതി തേടും. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി 2004 മുതൽ തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. 2007-ൽ പോറ്റിയെ പരികർമ്മിയായി ശബരിമലയിൽ എത്തിച്ചതും പിന്നീട് 2018-ൽ സ്പോൺസർ എന്ന നിലയിലേക്ക് ഉയർത്തിയതും തന്ത്രിയുടെ ഇടപെടലിലൂടെയാണെന്ന് എസ്.ഐ.ടി സംശയിക്കുന്നു. പുറത്തുനിന്നുള്ള സ്പോൺസർഷിപ്പ് തുക കൈപ്പറ്റുന്നതിൽ ഈ ബന്ധം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണവ്യാപാരിയായ ഗോവർദ്ധൻ നൽകിയ മൊഴിയും ദേവസ്വം ജീവനക്കാരുടെ വെളിപ്പെടുത്തലുകളും ഇരുവരും തമ്മിലുള്ള അടുത്ത ബന്ധം ശരിവെക്കുന്നതാണ്.
ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്നും ഗൂഢാലോചനയിൽ പങ്കാളിയായെന്നുമാണ് തന്ത്രിക്കെതിരെയുള്ള കുറ്റം. ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
dssf

