അടിമാലിയിൽ കാട്ടാനയുടെ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു

ഇടുക്കി: അടിമാലി നേര്യമംഗലം പഴന്പിള്ളിച്ചാലിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. അടിമാലി പഴന്പിള്ളിച്ചാൽ കന്പിലൈൻ സ്വദേശി പൂവത്തിങ്കൽ പ്രിൻസ് ചാക്കോ ആണു മരിച്ചത്.
ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ പ്രിൻസും സമീപവാസികളായ രണ്ടുസുഹൃത്തുക്കളും ചേർന്നാണു കാട്ടിലേക്കു തുരത്താൻ ശ്രമം നടത്തിയത്. അതിനിടെ, ആന തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു.
പ്രിൻസ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റു രണ്ടുപേരും ഓടിരക്ഷപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നു രാത്രി എട്ടോടെ നേര്യമംഗലം ഫോറസ്റ്റ് റെയ്ഞ്ചിലെ വനപാലകർ സംഭവസ്ഥലത്തെത്തി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.