ഡൽഹിയിലെ അഫ്ഗാൻ എംബസിയിൽ താലിബാൻ പ്രതിനിധി ചുമതലയേറ്റു
ശാരിക / ന്യൂഡൽഹി
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്ത് അഞ്ച് വർഷത്തിന് ശേഷം ഡൽഹിയിലെ അഫ്ഗാൻ എംബസിയിൽ ആദ്യമായി സ്ഥിരം നയതന്ത്ര പ്രതിനിധിയെ നിയമിച്ചു. താലിബാൻ വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ മുഫ്തി നൂർ അഹമ്മദ് നൂർ ആണ് ഡൽഹിയിലെത്തിയത്. എംബസിയിൽ അഫ്ഗാൻ പതാക നിലനിർത്താനും നിലവിലുള്ള ജീവനക്കാരെ തുടരാൻ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.
ഒക്ടോബറിൽ അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യ സന്ദർശിച്ചപ്പോൾ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഈ ധാരണ. നേരത്തെ 2023-ൽ പ്രതിനിധിയെ നിയമിക്കാൻ ശ്രമിച്ചപ്പോൾ എംബസി ജീവനക്കാർ എതിർത്തിരുന്നു.
തുടർന്ന് മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ കോൺസുലേറ്റുകളിൽ നിയമനങ്ങൾ നടത്തിയിരുന്നു. പുതിയ ഉദ്യോഗസ്ഥൻ എത്തുന്നതോടെ മറ്റ് കോൺസുലേറ്റുകളിലെ പ്രതിനിധികളുടെ കാര്യത്തിൽ വരും ദിവസങ്ങളിൽ വ്യക്തത വരും.
scss

