ദേശീയ ദിനം ആഘോഷമാക്കി ഒമാൻ
മസ്കത്ത്: ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അൽ സെയ്ദിന് അഭിവാദ്യമേകി ഒമാൻ ദേശീയദിനം ആഘോഷിച്ചു. സൈനിക പരേഡിൽ സുൽത്താൻ സല്യൂട്ട് സ്വീകരിച്ചു. സുല്‍ത്താന്‍സ് ആംഡ് ഫോഴ്‌സ് (എസ്.എ.എഫ്), റോയല്‍ ഗാര്‍ഡ് ഓഫ് ഒമാന്‍, സുല്‍ത്താന്‍ സ്‌പെഷല്‍ ഫോഴ്‌സ്, റോയല്‍ ഒമാന്‍ പോലീസ് എന്നിവ പരേഡില്‍ അണിനിരന്നു.
പ്രവൃത്തി ദിവസമായിരുന്നതിനാൽ ഓഫിസുകളിലും മറ്റും ആഘോഷ പരിപാടികള്‍ നടന്നു. ജോലി സമയത്തിന് ശേഷവും ആഘോഷങ്ങള്‍ സജീവമായി. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും കലാപരിപാടികളും മധുരപലഹാര വിതരണവും ഉണ്ടായിരുന്നു. ഇനിയുള്ള ദിവസങ്ങളിലും ആഘോഷം തുടരും. കുതിരയോട്ട-ഒട്ടകയോട്ട മത്സരം, പരമ്പരാഗത കലാവിരുന്നുകൾ, ഭക്ഷ്യമേള തുടങ്ങിയവയും ആഘോഷത്തിന്റെ ഭാഗമായി നടക്കും.
മലയാളികളടക്കമുള്ള താമസക്കാരും ആഘോഷങ്ങളിൽ പങ്കെടുത്തു. മലയാളികൾ ചെറു സംഘങ്ങളായി നടത്തിയ മധുര വിതരണം വേറിട്ട കാഴ്ചയായി. വൈകിട്ട് സ്വദേശികള്‍ വാഹനങ്ങൾ അലങ്കരിച്ചു ഘോഷയാത്ര നടത്തി.

