ആരോഗ്യ രംഗത്ത് തൊഴില്‍ നഷ്ടപ്പെട്ടത് 3,000 പ്രവാസികള്‍ക്ക്
മസ്ക്കറ്റ്: ഒമാനിലെ ആരോഗ്യരംഗത്തു നിന്ന് നാലു വര്‍ഷത്തിനിടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 3,000-ത്തോളം പ്രവാസികളെ നീക്കി സ്വദേശികളെ നിയമിച്ചതായി ഒമാന്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്ത്. 2015-19 വര്‍ഷത്തെ കണക്കാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. ആരോഗ്യ രംഗത്തെ സ്വദേശിവത്കരണം 2018-ല്‍ 71 ശതമാനമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2018 ആയപ്പോഴേക്ക് ആരോഗ്യ രംഗത്ത് 39,220 പേരാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ 71 ശതമാനവും സ്വദേശികളാണെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സൈദ് പറഞ്ഞു. എല്ലാ സ്പെഷ്യലൈസേഷനും ഉള്‍പ്പെടുന്ന ഡോക്ടര്‍മാരുടെ വിഭാഗത്തില്‍ 39 ശതമാനം സ്വദേശി വത്കരണം നടത്താന്‍ സാധിച്ചു.
കണ്‍സള്‍ട്ടന്‍റ് ഡോക്ടര്‍മാരുടെ വിഭാഗത്തില്‍ 64 ശതമാനവും സ്പെഷ്യലിസ്റ്റുകളുടെ വിഭാഗത്തില്‍ 26 ശതമാനവും സ്വദേശി വത്കരണം നടത്തി. ജനറല്‍ പ്രാക്ടീഷ്ണര്‍മാരുടെ വിഭാഗത്തില്‍ 43 ശതമാനവും ദന്ത ഡോക്ടര്‍മാരുടെ വിഭാഗത്തില്‍ 82 ശതമാനം സ്വദേശി വത്കരണം നടത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഫാര്‍മസിസ്റ്റുമാരുടെ വിഭാഗത്തില്‍ 90 ശതമാനവും അസിസ്റ്റന്‍റ് ഫാര്‍മസിസ്റ്റുമാരുടെ വിഭാഗത്തില്‍ 75 ശതമാനവുമാണ് സ്വദേശിവത്കരണം നടത്തിയിരിക്കുന്നത്.
നഴ്സുമാരുടെ വിഭാഗത്തില്‍ 62 ശതമാനവും ലബോറട്ടറി ടെക്നീഷ്യന്മാരുടെ വിഭാഗത്തില്‍ 61 ശതമാനവും റേഡിയോളജിസ്റ്റുമാരുടെ വിഭാഗത്തില്‍ 62 ശതമാനം സ്വദേശി വത്കരണവുമാണ് നടപ്പാക്കിയിരിക്കുന്നത്.

