മസ്കത്ത് എക്സ്പ്രസ് വേ വികസനം നവംബറിൽ ആരംഭിക്കും; ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഓഫീസുകളുടെ സമയമാറ്റം പരിഗണനയിൽ
ശാരിക
മസ്കത്ത്: മസ്കത്ത് എക്സ്പ്രസ് വേയുടെ വികസന പ്രവർത്തനങ്ങൾ വരും നവംബറോടെ ആരംഭിക്കുമെന്ന് ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മഅ്വാലി അറിയിച്ചു. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഘട്ടത്തിൽ ഉണ്ടാകാനിടയുള്ള കടുത്ത ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി ചില സ്ഥാപനങ്ങളുടെ പ്രവൃത്തി സമയത്തിൽ വ്യത്യാസം വരുത്തുന്ന കാര്യം സർക്കാറിന്റെ സജീവ പരിഗണനയിലാണ്.
പദ്ധതി നടപ്പാക്കുന്ന സമയത്തെ ഗതാഗത നിയന്ത്രണങ്ങൾ സംബന്ധിച്ച വിശദമായ രൂപരേഖ മന്ത്രിസഭയുടെ അന്തിമ അംഗീകാരത്തിനായി സമർപ്പിക്കും. വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതും നിർമാണ പ്രവർത്തനങ്ങളുടെ സമയക്രമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതും ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് പ്രധാനമായും പരിഗണിക്കുന്നത്. എന്നാൽ, ചില സ്ഥാപനങ്ങളുടെ ഓഫീസ് സമയങ്ങളിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട പഠനങ്ങൾ പൂർത്തിയായിട്ടില്ലെന്നും ഇതിന്റെ അന്തിമ തീരുമാനങ്ങൾ ഇപ്പോൾ വ്യക്തമാക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
ഖുറം നാചുറൽ പാർക്ക് ഇന്റർചേഞ്ച് മുതൽ ഹൽബാൻ വരെയും, തുടർന്ന് ബാത്തിന എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കുന്നതും ഉൾപ്പെടുന്നതാണ് ഈ വൻ വികസന പദ്ധതി. 157.2 ദശലക്ഷത്തിലധികം ഒമാനി റിയാൽ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിർമാണ കരാർ ഇതിനോടകം നൽകിക്കഴിഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതിനുള്ള ഔദ്യോഗിക അറിയിപ്പ് കരാറുകാരന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
േ്ിേ്ി

