എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐക്ക് വിടും


ഷീബ വിജയൻ

കണ്ണൂർ മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷണത്തിന് വിട്ടുകൊണ്ട് സംസ്ഥാന സർക്കാർ ഉടൻ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കും. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് യുഡിഎഫ് സർക്കാരിന്റെ ഈ നിർണ്ണായക നടപടി. നിലവിലെ പോലീസ് അന്വേഷണത്തിലുള്ള ശക്തമായ അതൃപ്തി കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നു. പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം സിബിഐക്ക് വിടുന്ന ആദ്യത്തെ പ്രധാന കേസാണിത്. നിലവിൽ പിപി ദിവ്യ മാത്രം പ്രതിയായ കേസിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിലും, പുതിയ വിജ്ഞാപനം വരുന്നതോടെ അന്വേഷണ ചുമതല പൂർണ്ണമായും സിബിഐക്ക് കൈമാറും.

അതേസമയം, നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ 13 പുതിയ സാക്ഷികളെക്കൂടി ഉൾപ്പെടുത്തി കണ്ണൂർ ടൗൺ പോലീസ് തയ്യാറാക്കിയ തുടരന്വേഷണ റിപ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിച്ചു. പോലീസ് മുൻപ് സമർപ്പിച്ച കുറ്റപത്രത്തിലെ 13 പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് മഞ്ജുഷ കോടതിയെ സമീപിച്ചത്. തുടർന്ന് നാല് പ്രധാന കാര്യങ്ങളിൽ അടിയന്തിരമായി തുടരന്വേഷണം നടത്താൻ കോടതി ഉത്തരവിടുകയായിരുന്നു. ഇതിന്റെ ഭാഗമായി, നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച പ്രശാന്തൻ കൊയ്യം സർവീസ് സഹകരണ ബാങ്കിൽ സ്വർണം പണയം വെച്ച് പണം വായ്പയെടുത്തതിന്റെ രേഖകളും എഡിഎമ്മിന്റെ ക്വാർട്ടേഴ്സിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ പൂർണ്ണരൂപവും പോലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. എന്നാൽ കേസ് മനഃപൂർവ്വം നീട്ടിക്കൊണ്ടുപോകാനാണ് കുടുംബം ശ്രമിക്കുന്നതെന്ന് പ്രതിഭാഗം കോടതിയിൽ ആരോപിച്ചു.

article-image

qs

You might also like

  • Lulu Exchange
  • Straight Forward

Most Viewed