ഇത്തീൻ തുരങ്കപാത തുറന്നു; ഇനി ഖരീഫ് സുഗമയാത്ര

ഷീബ വിജയൻ
മസ്കത്ത്: ഇത്തീൻ തുരങ്കപാത ഗതാഗതത്തിനായി തുറന്നുകൊടുത്തു. 11 ദശലക്ഷം റിയാൽ ചെലവിലാണ് പദ്ധതി യാഥാർഥ്യമാക്കിയത്. പൂർത്തീകരണ നിരക്ക് ഏകദേശം 97 ശതമാനത്തിലെത്തിയിട്ടുണ്ടെന്ന് ദോഫാർ ഗവർണറേറ്റിലെ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് ഡയറക്ടറേറ്റ് ജനറൽ ഡയറക്ടർ ജനറൽ എൻജിനീയർ സഈദ് ബിൻ മുഹമ്മദ് തബൂക്ക് പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാനായി. ആസൂത്രിത സമയപരിധിയേക്കാൾ 24 ശതമാനം മുമ്പാണ് ഇത് പൂർത്തിയാക്കാൻ കഴിഞ്ഞത്. പ്രാദേശിക കമ്പനിയാണ് പദ്ധതി നടപ്പിലാക്കിയതെന്നും മേഖലയിലെ പ്രാദേശിക, ദേശീയ കമ്പനികളുടെ കഴിവാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതുതായി ആരംഭിച്ച പദ്ധതിയിൽ 1.35 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ടപ്പാതയുൾപ്പെടെ ഒമ്പത് കിലോമീറ്ററിലധികം നവീകരിച്ച റോഡ്, നവംബർ 18 സ്ട്രീറ്റിന്റെ ഒരു പ്രധാന വിപുലീകരണവും ഉൾപ്പെടുന്നു. 2.7 കിലോമീറ്റർ ദൈർഘ്യത്തിൽ ഇരു ദിശകളിലേക്കും നാല് വരി പാതകളുണ്ട്. കൂടാതെ, നാല് ദിശകളിലായി ബൈപാസ് റോഡുകൾ (ആകെ 1.3 കിലോമീറ്റർ), ഏഴ് സർവിസ് റോഡുകൾ, ഗതാഗതം സുഗമമാക്കുന്നതിന് മെച്ചപ്പെടുത്തിയ എൻട്രി, എക്സിറ്റ് പോയന്റുകൾ എന്നിവ വികസനത്തിൽ ഉൾപ്പെടുന്നു. ടണൽ പദ്ധതിയുടെ ഒരുഭാഗം ഒരുമാസം മുമ്പ് ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു. ഖരീഫടക്കമുള്ള തിരക്കേറിയ സമയങ്ങളിൽ, ഗതാഗതക്കുരുക്ക് ഒഴിവാക്കാനും തിരക്ക് കുറക്കാനും ഈ തന്ത്രപരമായ വികസനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
XCZCCVCXVXC