ചന്ദ്രദൗത്യത്തിന്റെ മുന്‍നിരയില്‍ 2 വനിതകള്‍


ശ്രീഹരിക്കോട്ട:ഐ.എസ്.ആര്‍.ഒ.യുടെ ചരിത്രത്തിലാദ്യമായി സുപ്രധാന ബഹിരാകാശദൗത്യത്തിന്റെ മുന്‍നിരയില്‍ രണ്ടുവനിതകള്‍. ചന്ദ്രയാന്‍-രണ്ടിന്റെ പ്രോജക്‌ട് ഡയറക്ടര്‍ തമിഴ്നാട്ടുകാരിയായ വനിതാ മുത്തയ്യയും മിഷന്‍ ഡയറക്ടര്‍ ഉത്തര്‍പ്രദേശുകാരിയായ ഋതു കരിഥാലുമാണിവര്‍. ചന്ദ്രയാന്‍-രണ്ടിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന മുന്നൂറോളം ശാസ്ത്രജ്ഞരില്‍ 30 ശതമാനം വനിതകളാണ്.

ബഹിരാകാശത്തുനിന്ന് ലഭിക്കുന്ന വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മിടുക്കിയാണ് പ്രോജക്‌ട് ഡയറക്ടര്‍ വനിതാ മുത്തയ്യ. നേരത്തേ ചന്ദ്രയാന്‍-ഒന്നില്‍ നിന്നുളള വിവരങ്ങള്‍ വിശകലനം ചെയ്തിരുന്നതും വനിതയായിരുന്നു. ഐ.എസ്.ആര്‍.ഒ.യുടെ മുന്‍ ദൗത്യങ്ങളില്‍ പലതിലും പ്രവര്‍ത്തിച്ച പരിചയമാണ് ഋതു കൃതാലിന്റെ മുതല്‍ക്കൂട്ട്. ചന്ദ്രയാന്‍-രണ്ടിനെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവാദിത്വമാണ് അവര്‍ക്ക് പ്രധാനമായുള്ളത്. ഇന്ത്യയുടെ ചൊവ്വദൗത്യത്തില്‍ ഡെപ്യൂട്ടി ഓപ്പറേഷന്‍സ് ഡയറക്ടറായിരുന്നു ഋതു.

ഏറെ വെല്ലുവിളികളോടെയാണ് ചാന്ദ്രദൗത്യത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വനിതാ മുത്തയ്യ പറഞ്ഞു. യു.ആര്‍.റാവു ബഹിരാകാശകേന്ദ്രത്തിലെ ഐ.എസ്.ആര്‍.ഒ. ടെലിമെട്രി ആന്‍ഡ് ടെലി കമാന്‍ഡ് ഡിവിഷന്‍സിനെ നയിക്കുന്നത് വനിതയാണ്. കാര്‍ട്ടോസാറ്റ്-ഒന്നിന്റെയും ഓഷ്യന്‍സാറ്റ്-രണ്ടിന്റെയും ഡെപ്യൂട്ടി പ്രോജക്‌ട് ഡയറക്ടറായിരുന്നു. 2006-ല്‍ മികച്ച വനിതാശാസ്ത്രജ്ഞയ്ക്കുള്ള ആസ്േട്രാനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പുരസ്‌കാരം നേടിയിരുന്നു.

ലഖ്നൗവിലെ മധ്യവര്‍ത്തി കുടുംബത്തില്‍നിന്നാണ് ഋതു ബഹിരാകാശ ശാസ്ത്രജ്ഞയാകുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസില്‍നിന്ന് എയ്റോസ്പെയ്സ് എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയ അവര്‍ 1997 മുതല്‍ ഐ.എസ്.ആര്‍.ഒ.ക്കൊപ്പമുണ്ട്. ജി.സാറ്റ്-10, ജി.സാറ്റ്-12 ദൗത്യങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ടി.കെ. അനുരാധ, ഇന്ത്യയുടെ ആദ്യ റഡാര്‍ ഇമേജിങ് ഉപഗ്രഹം റിസാറ്റ്-ഒന്ന് പ്രോജക്‌ട് ഡയറക്ടര്‍ എന്‍. വളര്‍മതി, ഗഗന്‍യാന്‍ മിഷന്‍ കോ ഓര്‍ഡിനേഷന്‍ മേധാവി വി.ആര്‍. ലളിതാംബിക, ശാസ്ത്രജ്ഞരായ നന്ദിനി ഹരിനാഥ്, സീത സോമസുന്ദരം, മിനാല്‍, രോഹിത്, മൗമിത ദത്ത തുടങ്ങിയവരാണ് ചന്ദ്രയാന്‍-രണ്ട് ദൗത്യത്തിലെ സുപ്രധാന ജോലികള്‍ നിര്‍വഹിച്ച മറ്റു വനിതകള്‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed