ബീഹാറില്‍ നിന്നെത്തിയ മിടുക്കികള്‍
പഠിച്ചത് എന്തൊക്കെയാണെന്ന് ആരും നിങ്ങളോട് ചോദിക്കില്ല, നിങ്ങളുടെ പ്രകടനം കൊണ്ട് വേണം പഠനമളക്കുവാന്‍', പറഞ്ഞത് കോച്ചുകൂടിയായ അച്ഛനാകുമ്ബോള്‍ മക്കള്‍ സ്വര്‍ണം നേടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ബിഹാറില്‍ നിന്നുള്ള ശിവാംഗിക്കും ശ്വേതയ്ക്കും നാട് കേരളം തന്നെ. ബിഹാറിലെ ദര്‍ബാങ്കയാണ് ഇവരുടെ ജന്മനാടെങ്കിലും, പഠിച്ചതും കളിച്ചതുമെല്ലാം കേരളത്തിലും കേരളത്തിന് വേണ്ടിയും.മൂന്നാം വയസ്സില്‍ അച്ഛനോടൊപ്പം കേരളത്തില്‍ വന്നതാണ് ശിവാംഗി. അനിയത്തി ശ്വേതയാകട്ടെ അന്ന് കൈക്കുഞ്ഞും. കൊച്ചുപ്രായത്തില്‍ രണ്ടുപേരും കൈയിലെടുത്തത് ടേബിള്‍ ടെന്നിസ് ബാറ്റ്.ഒന്നാം ക്ലാസ് മുതലാണ് ശിവാംഗിയും ശ്വേതയും കളി കാര്യമായി എടുത്തത്. കളി കാര്യമാണെങ്കില്‍ മെഡലും കൂടെപോരും എന്നാണ് ഇരുവര്‍ക്കും അച്ഛന്‍ പറഞ്ഞു കൊടുത്ത പാഠം. അക്ഷരംപ്രതി അനുസരിച്ച മക്കളാകട്ടെ, കൊണ്ടുവന്നത് സ്വര്‍ണ മെഡലുകളും.രാവിലേയും വൈകീട്ടുമായി അഞ്ച് മണിക്കൂറോളം ഇരുവരും പരിശീലനം നടത്തും. മക്കളാണെന്ന പരിഗണനയൊന്നും അച്ഛന്‍ തരാറില്ലെന്നാണ് ഇരുവരുടേയും അഭിപ്രായം.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടേബിള്‍ ടെന്നിസ് കോച്ചാണ് തേജഷ് കുമാര്‍ ദത്ത.1985ലെ ബിഹാര്‍ സംസ്ഥാന ചാംപ്യനായിരുന്നു. ജോലിയുടെ ഭാഗമായി കേരളത്തിലെത്തിയതോടെ കുടുംബത്തേയും ഇങ്ങോട്ട് കൊണ്ടുവന്നു. അങ്ങനെയാണ് ശിവാംഗിയും ശ്വേതയും കേരളത്തിലെത്തുന്നത്. അച്ഛനെ കണ്ട് ശിവാംഗി ടേബിള്‍ ടെന്നിസ് കളിച്ചു തുടങ്ങി, ചേച്ചിയെ കണ്ട് അനിയത്തിയും. കട്ട സപ്പോര്‍ട്ടായി അമ്മ കവിതയും ഒപ്പം ചേര്‍ന്നതോടെ വീട്ടുവിശേഷം മുഴുവന്‍ കളി തന്നെ.ഒന്നാം ക്ലാസില്‍ ടേബിള്‍ ടെന്നീസ് കളിച്ചു തുടങ്ങിയതാണ് ശിവാംഗി. ആദ്യം കോഴിക്കോടിനു വേണ്ടിയും പിന്നീട് കണ്ണൂരിന് വേണ്ടിയും കളിച്ചു. എട്ടാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് തൃശ്ശൂരിലേക്കു വന്നത്. പിന്നീട് തൃശ്ശൂരായി തട്ടകം. ഇതുവരെ കളിച്ച എല്ലാ റീജണല്‍ മത്സരങ്ങളിലും ശിവാംഗി ഒന്നാമതെത്തി. പത്ത് വര്‍ഷം ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത നേട്ടവും ശിവാംഗിക്ക് സ്വന്തം.2017 ലെ കേന്ദ്രീയ വിദ്യാലയ ദേശീയ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയെടുത്തതുള്‍പ്പെടെ അനേകം മെഡലുകള്‍ ഈ കൊച്ചുമിടുക്കി സ്വന്തമാക്കി.മൂന്ന് തവണ സൗത്ത് സോണ്‍ മത്സരങ്ങളിലും പങ്കെടുത്തു. കളി മാത്രമാണോ ഇഷ്ടം എന്നു ചോദിച്ചാല്‍ അല്ലെന്നാണ് മറുപടി.
ഡോക്ടറാകാനാണ് ആഗ്രഹം. കളിയില്‍ ശ്രദ്ധിച്ച് പഠനത്തില്‍ പിന്നോട്ടു പോകാന്‍ അച്ഛന്‍ സമ്മതിക്കില്ല ശിവാംഗി പറഞ്ഞു.പ്ലസ് ടുവില്‍ 95 ശതമാനത്തിലധികം മാര്‍ക്കുമുണ്ടായി.'കളിച്ചതെല്ലാം കേരളത്തിനായി. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വരെ ഹാജരാക്കിയിരുന്നു. പക്ഷേ, ജനന സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വഴിയുള്ള പ്രവേശനം നടന്നില്ല. അത് മാത്രമാണ് ഒരു വിഷമം.'ഇങ്ങനെയാണെങ്കിലും ഡോക്ടറാകാനുള്ള മോഹം ശിവാംഗി ഉപേക്ഷിച്ചില്ല. ഒരു വര്‍ഷം എന്‍ട്രന്‍സിനു വേണ്ടി മാറ്റി വെച്ചു.ചേച്ചിക്ക് ഡോക്ടറാകാനാണ് ഇഷ്ടമെങ്കില്‍ അനിയത്തി കളി തന്നെയാണ് പ്രൊഫഷനാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 'എനിക്ക് ഒളിംപിക്‌സില്‍ പങ്കെടുക്കണം.
ഇന്ത്യക്കു വേണ്ടി മെഡലും വാങ്ങണം' ശ്വേത പറഞ്ഞു. 'ശ്വേതയുടെ പ്രചോദനം ചേച്ചിയാണ്. ഒരുപാട് മെഡലുകള്‍ ചേച്ചിക്ക് കിട്ടിയിട്ടുണ്ട്. അതു പോലെ എനിക്കും മെഡലുകള്‍ നേടണം'. ഇക്കഴിഞ്ഞ കേന്ദ്രീയ വിദ്യാലയങ്ങളുടെ ദേശീയ ഗെയിംസില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി. ഒന്നാം ക്ലാസുമുതല്‍ ശ്വേതയും പരിശീലനം ആരംഭിച്ചു. നാലാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് ആദ്യ മെഡല്‍ ലഭിക്കുന്നത്. അതും സ്വര്‍ണമെഡല്‍. അതോടെ, അച്ഛന്റേയും ചേച്ചിയുടേയും വഴി തന്നെയാണ് തനിക്കുമെന്ന് ശ്വേത ഉറപ്പിച്ചു. ഈ വര്‍ഷത്തെ സൗത്ത് സോണ്‍ മത്സരത്തിന് പോകാനുള്ള തയ്യാറെടുപ്പിലാണ്.

