2024 ജനുവരി ഒന്നിനുള്ളിൽ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പണി പൂർത്തിയാകുമെന്ന് അമിത് ഷാ

2024 ജനുവരി ഒന്നിനുള്ളിൽ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പണി പൂർത്തിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പിന്തുണച്ച് രാമജന്മഭൂമി ട്രസ്റ്റ് സെക്രട്ടറിയടക്കം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രഖ്യാപനം. ഇതാദ്യമായാണ് ഒരു മന്ത്രി നിർമ്മാണത്തിലിരിക്കുന്ന ക്ഷേത്രം തുറക്കുന്ന തീയതി പരസ്യമായി പ്രഖ്യാപിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയിലെ സബ്രൂമിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയായിരുന്നു അമിത് ഷാ തീയതി പുറത്തുവിട്ടത്. ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും അമിത് ഷാ വിമർശിച്ചു. കൂടാതെ നിർമ്മാണം ത്വരിതപ്പെടുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്തു. “രാജ്യം സ്വാതന്ത്ര്യം നേടിയത് മുതൽ കോൺഗ്രസുകാർ ക്ഷേത്ര നിർമാണത്തിനെതിരെ സെഷൻസ് കോടതി മുതൽ സുപ്രീം കോടതി വരെ കയറിയിറങ്ങുകയായിരുന്നു. മോദിജി വന്നു. ഒരു ദിവസം രാവിലെ സുപ്രീം കോടതി ഉത്തരവ് വന്നു. മോദിജി ക്ഷേത്രത്തിന്റെ ഭൂമിപൂജ നിർവഹിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.
സുഹൃത്തുക്കളേ, ഞാൻ നിങ്ങളോട് ഒരു കാര്യം പറയാൻ വന്നതാണ്. 2019ലെ തിരഞ്ഞെടുപ്പിൽ ഞാൻ പാർട്ടിയുടെ (ബി ജെ പി) പ്രസിഡന്റും, രാഹുൽ ബാബ കോൺഗ്രസിന്റെ പ്രസിഡന്റുമായിരുന്നു. അവിടെ ക്ഷേത്രം പണിയുമെന്ന് രാഹുൽ ബാബ ദിവസവും പറയും. എന്നാൽ തീയതി പറയില്ല.
രാഹുൽ ബാബ കേൾക്കുക, രാഹുൽ ബാബയും സബ്രൂമിലെ ആളുകളും ടിക്കറ്റുകൾ ബുക്ക് ചെയ്‌തോളൂ, 2024 ജനുവരി ഒന്നിന് അയോദ്ധ്യയിൽ ഒരു വലിയ രാമക്ഷേത്രം തയ്യാറായിരിക്കുന്നത് നിങ്ങൾക്ക് കാണാം.”− അമിത് ഷാ പറഞ്ഞു.
fgfgvjg