പരീക്ഷാ പേ ചർച്ച 2023: എല്ലാവരും പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി

പത്താം ക്ലാസ്സ്, പ്ലസ്ടു വിദ്യാർത്ഥികളിലെ പരീക്ഷാപ്പേടിയും ഉത്കണ്ഠയും അകറ്റാനായി നടത്തുന്ന ദേശീയ പരിപാടിയായ പരീക്ഷാ പേ ചർച്ചയിൽ എല്ലാവരും പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി 27നാണ് പരീക്ഷാ പേ ചർച്ചയുടെ ആറാം എഡിഷൻ ആരംഭിക്കുന്നത്. ന്യൂഡൽഹിയിലെ തൽക്കതോറ ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ‘വിദ്യാർത്ഥികളിലെ പരീക്ഷാ പേടി മാറ്റാനും ആശങ്കകൾ അകറ്റാനുമായി നടത്തുന്ന ദേശീയ നിലവാരത്തിലുള്ള പരിപാടിയാണ് പരീക്ഷാ പേ ചർച്ച. എല്ലാവരും ഈ പരിപാടിയിൽ പങ്കെടുക്കാൻ ശ്രമിക്കുക,’ എന്നാണ് മോദിയുടെ ട്വീറ്റ്.
ഡിസംബർ 30ന് പരീക്ഷാ പേ ചർച്ചയുടെ രജിസ്‌ട്രേഷൻ അവസാനിച്ചിരുന്നു. കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടിയാണ് ഇത്തവണ രജിസ്റ്റർ ചെയ്തവരുടെ എണ്ണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഏകദേശം 38.80 ലക്ഷം പേരാണ് ഇത്തവണ പരീക്ഷാ പേ ചർച്ചയ്ക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
150ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും 51 രാജ്യങ്ങളിൽ നിന്നുള്ള അധ്യാപകരും ഈ പരിപാടിയിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പ്ലസ്ടു, പത്താം ക്ലാസ്സ് പരീക്ഷകൾക്ക് മുന്നോടിയായാണ് പരിപാടി നടത്തുന്നത്. 2022 നവംബർ 25 മുതലാണ് പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചത്. ഡിസംബർ 30 വരെയാണ് രജിസ്ട്രേഷൻ അനുവദിച്ചിരുന്നത്. 2018 മുതലാണ് ഈ പരിപാടി സംഘടിപ്പിച്ച് തുടങ്ങിയത്.
ഈ വർഷത്തെ പരീക്ഷ പേ ചർച്ചയിൽ 9 മുതൽ 12 വരെ ക്ലാസ്സുകളിലുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. വിവിധ മത്സരങ്ങളിലൂടെയും 500 അക്ഷരങ്ങളിൽ ചോദ്യങ്ങൾ ചോദിച്ചും പ്രധാനമന്ത്രിയുമായി സംസാരിക്കാൻ ഇവർക്ക് അവസരം ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ സർട്ടിഫിക്കറ്റും ലഭിക്കും. വിദ്യാർത്ഥികളെ കൂടാതെ അധ്യാപകർക്കും മാതാപിതാക്കൾക്കും ഈ പരിപാടിയിൽ പങ്കെടുക്കാം. വിദ്യാർത്ഥികളെ എങ്ങനെ പിന്തുണയ്ക്കണം എന്ന വിഷയത്തിൽ മാതാപിതാക്കളുമായും അധ്യാപകരുമായും പ്രധാനമന്ത്രി തുറന്ന ചർച്ച നടത്തും.
ചർച്ചകളിലൂടെയും മത്സരങ്ങളിലൂടെയും പരീക്ഷയെ പേടിച്ചിരുന്നവർ എന്നതിൽ നിന്ന് പരീക്ഷാ പോരാളികൾ എന്ന നിലയിലേക്ക് വിദ്യാർത്ഥികളെ മാറ്റുന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. മുമ്പ് നടന്ന പിപിസി ചർച്ചകളിലും ഇക്കാര്യം പറഞ്ഞിരുന്നു. എക്സാം വാരിയേഴ്സ് (പരീക്ഷ പോരാളികൾ) എന്ന പേരിൽ ഒരു പുസ്തകം പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പുറത്തിറക്കിയിരുന്നു.
2022 ഏപ്രിൽ ഒന്നിനാണ് പ്രധാനമന്ത്രിയുടെ ‘പരീക്ഷ പേ ചർച്ച’യുടെ അഞ്ചാം പതിപ്പ് നടത്തിയത്. ഡൽഹിയിലെ താൽക്കത്തോറ സ്റ്റേഡിയത്തിൽ വച്ച് തന്നെയായിരുന്നു പരിപാടി അരങ്ങേറിയത്. കുട്ടികൾക്ക് താൽപര്യമുള്ള വിഷയങ്ങൾ കണ്ടെത്താനും കഴിവുകൾ തിരിച്ചറിയാനും രക്ഷിതാക്കൾ അവരെ സഹായിക്കണമെന്നായിരുന്നു അന്ന് പ്രധാനമന്ത്രി പറഞ്ഞത്.
കുട്ടികളുടെ താൽപ്പര്യങ്ങൾ മനസ്സിലാക്കാനും അവരുടെ കഴിവുകൾ തിരിച്ചറിയാനും അവരെ സഹായിക്കാനും മാതാപിതാക്കളോട് അഭ്യർത്ഥിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
fghfgvjh