കൂട്ടബലാത്സംഗത്തിനു ശേഷം കൊലപാതകം: വധശിക്ഷ വിധിച്ച പ്രതികളുടെ ശിക്ഷ റദ്ദാക്കി സുപ്രീം കോടതി

2012ൽ ഡൽഹിയിൽ 19കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനു ശേഷം അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിച്ച പ്രതികളുടെ ശിക്ഷ റദ്ദാക്കി വെറുതെവിട്ട് സുപ്രീം കോടതി. തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയക്കുന്നുവെന്നുമാണ് ചീഫ് ജസ്റ്റീസ് യു.യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്.
രവി കുമാർ, രാഹുൽ, വിനോദ് എന്നിവർക്ക് 2014ലാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. ഇത് ഡൽഹി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. പ്രതികൾ വേട്ടമൃഗത്തെ പോലെ തെരുവുകളിൽ ഇരയ്ക്കായി വേട്ട നടത്തിയെന്നാണ് കോടതി ശിക്ഷ ശരിവച്ചുകൊണ്ട് അന്ന് നിരീക്ഷിച്ചത്. എന്നാൽ ഇവരെ ശിക്ഷിച്ച കോടതി പ്രോസിക്യുഷന്റെ വാദങ്ങൾ ശരിവച്ച് വെറും നിഷ്‌ക്രിയ മധ്യസ്ഥനെ പോലെയാണ് കുറ്റക്കാരായി വിധിച്ചതെന്നു സുപ്രീം കോടതി വിമർശിച്ചു.
പ്രതികളുടെ സ്വഭാവ സവിശേഷത വിചാരണ വേളയിൽ സ്ഥാപിച്ചെടുക്കാൻ പ്രോസിക്യുഷന് കഴിഞ്ഞില്ല. ഇത് പ്രകടമായ വീഴ്ചകളാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വിചാരണ വേളയിൽ 49 സാക്ഷികളിൽ 10 പേർ ക്രോസ് വിസ്താരം ചെയ്യപ്പെട്ടില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
കോടതികൾ കേസുകൾ നിയമത്തിന്റെ അടിസ്ഥാനത്തിൽ കർശനമായി പരിശോധിക്കണം. ബാഹ്യമായ ഒരു തരത്തിലുള്ള ധാർമ്മിക സമ്മർദ്ദമോ മറ്റ് എന്തെങ്കിലുമോ കോടതിയെ സ്വാധീനിക്കരുതെന്നും ജസ്റ്റീസ് രവീന്ദ്ര ഭട്ട്, ജസ്റ്റീസ് ബേല എം ത്രിവേദി എന്നിവരും ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.
ഡൽഹിയിലെ നിർഭയ സംഭവത്തിനു തൊട്ടുമുന്‍പായിരുന്നു 19കാരിയും ആക്രമിക്കപ്പെട്ടത്. 2012 ഫെബ്രുവരിയിലാണ് 19കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഹരിയാനയിലെ റെവാരിയിൽ പാടത്ത് കണ്ടെത്തിയത്. പെൺകുട്ടിയെ കാണാതായി ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം ലഭിച്ചത്. ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് മർദ്ദിച്ചും കണ്ണുകളിൽ ആസിഡ് ഒഴിച്ച് പൊള്ളിച്ചും സ്വകാര്യ ഭാഗത്ത് മദ്യക്കുപ്പ് കുത്തിയിറക്കിയ നിലയിലുമായിരുന്നു.
ശിക്ഷയിൽ ഇളവ് തേടിയാണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചത്.
yru