ഹൈക്കോടതിയിൽ വ്യാജ രേഖ സമർപ്പിച്ചു; ആന്ധ്രാ പ്രദേശ് മുൻ മന്ത്രിയും മകനും അറസ്റ്റിൽ

വീടിന്‍റെ ചുറ്റുമതിൽ നിർമാണവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ വ്യാജരേഖ സമർപ്പിച്ചെന്നാരോപിച്ച് ആന്ധ്രാ പ്രദേശ് മുൻ മന്ത്രിയും തെലുങ്ക് ദേശം പാർട്ടി(ടിഡിപി) നേതാവുമായ അയ്യനാ പാത്രുഡുവിനെയും മകൻ രാജേഷിനെയും പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെയാണ് ആന്ധ്രാ പോലീസിന്‍റെ സിഐഡി വിഭാഗം പാത്രുഡുവിനെയും മുനിസിപ്പൽ കൗൺസിലറായ രാജേഷിനെയും നർസിപ്പട്ടണത്തെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും എലൂരു ജില്ലയിലെ പോലീസ് കേന്ദ്രത്തിലേക്ക് മാറ്റി.
രാവനാപ്പള്ളി കനാൽ കൈയ്യേറിയാണ് ഇവർ വീടും ചുറ്റുമതിലും നിർമിച്ചതെന്ന് പോലീസ് ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ഇവർ വ്യാജരേഖ സമർപ്പിച്ച് കോടതിയെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചത്.
സംഭവത്തിൽ പ്രതിഷേധം അറിയിച്ച ടിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു, വൈഎസ്ആർ കോൺഗ്രസിന്‍റെ രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമാണ് അറസ്റ്റെന്ന് പ്രസ്താവിച്ചു. അറസ്റ്റിൽ പ്രതിഷേധിച്ച് ടിഡിപി പ്രവർത്തകർ ഇന്ന് നർസിപ്പട്ടണത്ത് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
duftiuf