ചെങ്കടലിൽ പുതിയ ടൂറിസം റിസോർട്ട് നിർമ്മിക്കുന്നു

ചെങ്കടലിൽ പുതിയ ടൂറിസം റിസോർട്ട് നിർമാണം പ്രഖ്യാപിച്ച് റെഡ് സീ ഇന്റർനാഷണൽ കമ്പനി. ഒരു ലോകപ്രശസ്ത ഹോട്ടൽ ബ്രാൻഡുമായി സഹകരിച്ച് 'ഫെയ്ന ദി റെഡ് സീ' എന്ന പേരിലാണ് ചെങ്കടലിൽ പ്രത്യേക സ്ഥാനത്തുള്ള ദ്വീപിൽ പുതിയ റിസോർട്ട് സ്ഥാപിക്കുന്നതെന്ന് റെഡ് സീ കമ്പനി വ്യക്തമാക്കി.സാംസ്കാരികമായ സവിശേഷതകളോടെ സമഗ്രമായ ടൂറിസം അനുഭവങ്ങൾ സഞ്ചാരികൾക്ക് പ്രദാനം ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റിസോർട്ടിന്റെ പ്രവർത്തനങ്ങൾ 2024ൽ ആരംഭിക്കും. പ്രധാന ദ്വീപായ 'ശൂറ'യുടെ തെക്കുഭാഗത്തായിരിക്കും 'ഫെയ്ന ദി റെഡ് സീ' റിസോർട്ട് നിർമിക്കുന്നത്. 'കോറൽ ബ്ലൂം' എന്ന ഡിസൈൻ ആശയത്തിൽ രൂപകൽപന ചെയ്ത ദ്വീപാണ് ശൂറ. ലോകത്ത് ഏറ്റവും കൂടുതൽ പവിഴപ്പുറ്റുകൾ തഴച്ചുവളരുന്ന ഇടം കൂടിയാണിത്. ബ്രിട്ടീഷ് ഇൻറർനാഷനൽ ഡിസൈൻ സ്ഥാപനമായ ഫോസ്റ്റർ ആൻഡ് പാർട്‌ണേഴ്‌സാണ് റിസോർട്ട് ഡിസൈൻ ചെയ്യുന്നത്.
ഇൻറീരിയർ ഡിസൈൻ ചെയ്യുന്നത് പാരിസ് ആസ്ഥാനമായുള്ള ഡിസൈൻ ടീമായ 'ജോയിൻ മൻകു'വുമായിരിക്കും. ശൂറ ദ്വീപിലെ ഏറ്റവും വിശാലമായ ഹോട്ടൽ യൂനിറ്റുകളാണ് ഫെന റെഡ് സീ റിസോർട്ട് അവതരിപ്പിക്കുക. ഓരോ ഹോട്ടൽ സ്യൂട്ടും 150ഓളം വില്ലകളും സ്വകാര്യ നീന്തൽകുളവും കടൽ കാഴ്ചകളും ഉൾക്കൊള്ളുന്നതായിരിക്കും. 84 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള എക്‌സിക്യൂട്ടിവ് സ്യൂട്ട് സന്ദർശകർക്ക് സമ്പൂർണ സ്വകാര്യത നൽകുന്ന രീതിയിലാണ് രൂപകൽപന ചെയ്യുക. ലിവിങ് റൂം ടൂറിസ്റ്റ് അനുഭവങ്ങളാൽ ഹൃദ്യമായിരിക്കും. ഏറ്റവും പ്രശസ്തമായ അന്തർദേശീയ കലാകാരന്മാർ അവതരിപ്പിക്കുന്ന തത്സമയ വിനോദ പരിപാടികൾ അവിടെയുണ്ടാകുമെന്നും റെഡ് സീ കമ്പനി പറഞ്ഞു. ഹോസ്പിറ്റാലിറ്റി മേഖലയിലെ ഏറ്റവും പ്രശസ്തമായ ബ്രാൻഡുകളിലൊന്നായ ഫെയ്നയെ റെഡ് സീ റിസോർട്ടിന്റെ ഓപറേറ്റർമാരുടെ പട്ടികയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് റെഡ് സീ ഇൻറർനാഷനൽ സി.ഇ.ഒ ജോൺ പഗാനോ പറഞ്ഞു.
fufi