ഇലക്ട്രിക് ഓട്ടോകൾക്ക് തിരിച്ചടി; അനുവദിച്ച ഫണ്ട് തീർന്നു, ഇനി സബ്സിഡിയില്ല


ഷീബ വിജയൻ

മുംബൈ: രാജ്യത്ത് ഇലക്ട്രിക് ഓട്ടോറിക്ഷകൾ വാങ്ങാൻ ആലോചിക്കുന്നവർക്ക് നിരാശ നൽകിക്കൊണ്ട് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം. ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് നൽകിവന്നിരുന്ന സബ്സിഡി നിർത്തലാക്കിയതായി കേന്ദ്ര ഘന വ്യവസായ മന്ത്രാലയം അറിയിച്ചു. സബ്സിഡിക്കായി അനുവദിച്ച ഫണ്ട് നിശ്ചിത സമയത്തിന് മുൻപേ തീർന്നതാണ് പെട്ടെന്നുള്ള ഈ തീരുമാനത്തിന് പിന്നിൽ.

കാലാവധിക്ക് മുൻപേ ഫണ്ട് തീർന്നു 10,900 കോടി രൂപയുടെ 'പി.എം ഇ-ഡ്രൈവ്' (PM E-DRIVE) പദ്ധതി പ്രകാരം അടുത്ത വർഷം മാർച്ച് വരെയായിരുന്നു സബ്സിഡി നൽകേണ്ടിയിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇലക്ട്രിക് ഓട്ടോകളുടെ വിൽപന വർധിച്ചതോടെ, ഇതിനായി നീക്കിവെച്ച 857 കോടി രൂപയുടെ ഫണ്ട് തീരുകയായിരുന്നു. നിശ്ചയിച്ചിട്ടുള്ള വിൽപന ലക്ഷ്യം കൈവരിക്കുകയോ അല്ലെങ്കിൽ ഡിസംബർ 26 പൂർത്തിയാകുകയോ ചെയ്താൽ ആനുകൂല്യം നൽകുന്നത് അവസാനിപ്പിക്കുമെന്ന് മന്ത്രാലയം ഓട്ടോമൊബൈൽ നിർമാതാക്കളുടെ സൊസൈറ്റിക്ക് (SIAM) നൽകിയ കത്തിൽ വ്യക്തമാക്കി.

വിപണിയിൽ കുതിച്ചുയർന്ന് ഇ-ഓട്ടോകൾ ഈ വർഷം രാജ്യത്ത് 7.50 ലക്ഷം ഇലക്ട്രിക് ത്രീ-വീലറുകളാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം ഇത് ഏഴ് ലക്ഷമായിരുന്നു. ഇലക്ട്രിക് കാറുകളുടെയും ബൈക്കുകളുടെയും വിൽപനയിൽ ഇടിവുണ്ടായപ്പോഴും ഇലക്ട്രിക് ഓട്ടോകൾക്ക് വൻ പ്രിയമാണ് ലഭിച്ചത്. പെട്രോൾ, ഡീസൽ വാഹനങ്ങളേക്കാൾ കുറഞ്ഞ ചെലവിൽ പ്രവർത്തിപ്പിക്കാം എന്നതും മെയിന്റനൻസ് കുറവാണെന്നതും നിരവധി പേരെ ഈ മേഖലയിലേക്ക് ആകർഷിച്ചു.

ചെറിയ ബാറ്ററിയുള്ള എൽ-3 വിഭാഗത്തിലുള്ള ഇ-റിക്ഷകൾക്കും വലിയ ബാറ്ററിയുള്ള എൽ-5 വിഭാഗത്തിലുള്ള ഓട്ടോറിക്ഷകൾക്കുമാണ് സബ്സിഡി ലഭിച്ചിരുന്നത്. സബ്സിഡി നിർത്തലാക്കുന്നതോടെ ഇനി ഓട്ടോറിക്ഷ വാങ്ങുന്നവർക്ക് മുൻപത്തെക്കാൾ വലിയ തുക അധികമായി നൽകേണ്ടി വരും. അനുവദിച്ച ഫണ്ട് തീർന്നതിനാൽ ഇനി പുതിയ അപേക്ഷകൾ പരിഗണിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.

article-image

WDDWEEQWS

You might also like

  • Straight Forward

Most Viewed