വോട്ടവകാശത്തിനുള്ള നടപടികൾ ഉടൻ; കേന്ദ്രസർക്കാർ

പ്രവാസികൾക്കും കുടിയേറ്റ തൊഴിലാളികൾക്കും തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. ഇതിനായുള്ള ക്രമീകരണങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രമെന്നും കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ രഹസ്യാത്മകത നിലനിർത്തിയാകും ക്രമീകരണമെന്നും അറ്റോർണി ജനറൽ എം വെങ്കിട്ട രമണി സുപ്രീംകോടതിയെ അറിയിച്ചു. സർക്കാരിന്റെ ഉറപ്പിന്മേൽ പ്രവാസി വോട്ടവകാശം സംബന്ധിച്ചുള്ള ഹർജികൾ ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് തീർപ്പാക്കി.
പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ഷംസീർ വയലിലാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്. കൂടാതെ വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് അതത് രാജ്യങ്ങളിൽ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സർക്കാർ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രവാസി അസോസിയേഷനും ഹർജി നൽകിയിരുന്നു. കേസ് പരിഗണിക്കവെ വിഷയത്തിൽ സർക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും പാർലമെന്റിന്റെ അധികാരത്തിൽ വരുന്നവയിൽ സുപ്രീംകോടതി ഇടപെടലിന് പരിമിധിയുണ്ടെന്നുമാണ് കോടതി അറിയിച്ചത്. തുടർന്ന് കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചിരുന്നു. വോട്ട് അവകാശത്തിനുള്ള ഭേദഗതി ലോക്‌സഭയിൽ അവതരിപ്പിച്ച് പാസാക്കിയെങ്കിലും, രാജ്യസഭയിൽ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ ഭേദഗതി പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കാൻ സർക്കാരിനോട് നിർദേശിക്കാൻ കോടതിക്ക് കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ഡോ ഷംസീർ വയലിന് വേണ്ടി അഭിഭാഷകൻ ഹാരിസ് ബീരാനും, കേരള പ്രവാസി അസോസിയേഷന് വേണ്ടി അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ എന്നിവരുമാണ് സുപ്രീം കോടതിയിൽ ഹാജരായത്.
drhdfj