ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണം: വിസിമാർ ഹൈക്കോടതിയിൽ

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർവകലാശാല വൈസ് ചാൻസലർമാർ ഹൈക്കോടതിയിൽ. ഏഴ് വിസിമാരാണ് ഗവർണറുടെ നടപടി ചോദ്യം ചെയ്ത് ഹർജി നൽകിയത്. ഹർജി ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.
രാജി ആവശ്യപ്പെട്ടിട്ടും വിസിമാർ രാജിവെക്കാത്തതിനെതുടർന്നാണ് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് ആവശ്യപ്പെട്ടത്. ബുധനാഴ്ചയാണ് ഗവർണറുടെ നോട്ടീസിനു മറുപടി നൽകാനുള്ള അവസാന തീയതി. ഈ സാഹചര്യത്തിലാണ് വിസിമാർ കോടതിയെ സമീപിച്ചത്.
ചാൻസലർക്ക് നേരിട്ട് വിസിയെ പുറത്താക്കാനാവില്ലെന്ന് ഹർജിയിൽ പറയുന്നു. വിസിക്കെതിരെ നടപടി എടുക്കുന്നതിനു മുമ്പ് വിരമിച്ച ജഡ്ജി അടക്കമുള്ളവർ ഉൾപ്പെടുന്ന സമിതിയെ വെച്ച് അന്വേഷണം നടത്തണമെന്നാണ് ചട്ടം. ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നാണ് വിസിമാരുടെ വാദം.
എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് മറ്റ് വിസിമാരോട് ഗവർണർ രാജി ആവശ്യപ്പെട്ടത്. നിയമനം യുജിസി ചട്ടപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
dufj